| Sunday, 24th July 2022, 1:00 pm

കെ. കരുണാകരനെതിരെ പട നയിച്ചതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നു: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ. കരുണാകരനെതിരെ പട നയിച്ചതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും ചെന്നിത്തല പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

‘ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് എന്നെയും ജി. കാര്‍ത്തികേയനെയും എം.ഐ. ഷാനവാസിനെയും അതിന് പ്രേരിപ്പിച്ചത്.

അത്രയേറെ ആത്മാര്‍ത്ഥതയുള്ള നേതാവായിരുന്നു കരുണാകരന്‍, കേരളത്തിലോ ഇന്ത്യയിലോ ഇപ്പോള്‍ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു നേതാവുമില്ല. കാര്‍ത്തികേയനും ഷാനവാസും ഇന്നില്ല. ലീഡറുടെ പാത പിന്തുടര്‍ന്നാണ് എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്. ഞാന്‍ ചെയ്തതില്‍ ആത്മാര്‍ത്ഥമായി പശ്ചാത്തപിക്കുന്നു,’ ചെന്നിത്തല പറഞ്ഞു

പാര്‍ട്ടിയിലെ തന്റെ ഭാവി കാഴ്ചപാടുകളെക്കുറിച്ചും അഭിമുഖത്തില്‍ ചെന്നിത്തല പ്രതികരിച്ചു. എനിക്ക് സ്ഥാനമാനങ്ങളില്‍ ശ്രദ്ധയില്ല. ഞാന്‍ ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായി തുടരും. ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് പാര്‍ട്ടി നേതൃത്വത്തിന് അറിയാം. ഞാന്‍ ഒരു സാധാരണ സ്‌കൂള്‍ ടീച്ചറുടെ മകനാണ്. 26-ാം വയസ്സില്‍ എം.എല്‍.എ.യും 28-ാം വയസ്സില്‍ മന്ത്രിയുമായി.

രമേശ് ചെന്നിത്തല കരുണാകരനൊപ്പം

അഞ്ച് തവണ എം.എല്‍.എ.യായി. ഞാന്‍ നാല് തവണ ലോക്സഭാംഗമായിരുന്നു. പിന്നെ ഒമ്പത് വര്‍ഷം ഞാന്‍ കെ.പി.സി.സി പ്രസിഡന്റും സി.ഡബ്ല്യു.സി അംഗവുമായിരുന്നു. എനിക്ക് മറ്റെന്താണ് വേണ്ടത്? ഞാനെന്തായാലും എന്റെ പാര്‍ട്ടി കാരണമാണ്. പാര്‍ട്ടിയില്‍ തൃപ്തനാണെന്നും ചെന്നിത്തല പറഞ്ഞു

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയ പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ അംഗീകരിച്ചു. കാരണം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തെരെഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു. തോല്‍വിക്ക് ഉത്തരവാദി ഞാന്‍ മാത്രമായിരുന്നില്ല. രാഷ്ട്രീയ സാഹചര്യങ്ങളാണ് തോല്‍വിക്ക് കാരണമായത്. പക്ഷേ പാര്‍ട്ടി തീരുമാനം നല്ല മനസോടെയാണ് ഞാന്‍ എടുത്തത്. സത്യത്തില്‍, ഞാന്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയില്‍ എന്‍ഗേജ് ചെയ്യുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കേരളത്തില്‍ സന്തോഷവാനാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

Content HighlightS: Ramesh Chennithala Says now regrets fighting against K. Karunakaran

We use cookies to give you the best possible experience. Learn more