തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് അനുകൂലമായ വിധിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്നും ഉന്നയിച്ച വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ലോകായുക്ത വിധി യുക്തി ഭദ്രമല്ല. ഉന്നതവിദ്യഭ്യാസ ചരിത്രത്തിലാദ്യമായി ഒരു മന്ത്രി സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയെ പിരിച്ചുവിടുന്നു. ഉന്നയിച്ച വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. വാദങ്ങള്‍ 100 ശതമാനം വസ്തുതാപരമാണ്. വാദങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. 60 വയസുകഴിഞ്ഞ ഒരാള്‍ക്ക് പുനര്‍നിയമനം നല്‍കുന്നത് സ്വജനപക്ഷപാതമല്ലെങ്കില്‍ പിന്നെ എന്താണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലയെന്നാണ് ലോകായുക്ത വിധിയില്‍ പറഞ്ഞത്. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ലെന്നും ആര്‍. ബിന്ദു നല്‍കിയത് നിര്‍ദേശം മാത്രമാണെന്നും ലോകായുക്ത വിശദീകരിച്ചു.