തിരുവനന്തപുരം: ഇരട്ടവോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് പട്ടിക പുറത്ത് വിടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.
ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട വോട്ട് സംബന്ധിച്ച് ചെന്നിത്തല ഹൈക്കോടതിയില്‍ നല്‍കിയ ഹരജി കോടതി തീര്‍പ്പാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
38,000 ഇരട്ട വോട്ടുകളേ ഉള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഒരിക്കലും ശരിയല്ല. അവര്‍ വേണ്ട രീതിയില്‍ പരിശോധിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആദ്യപടിയായി വെബ്‌സൈറ്റിലൂടെ ഇരട്ട വോട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടുമെന്നും അത് മാധ്യമപ്രവര്‍ത്തകര്‍ക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ഷന്‍ കമ്മീഷന്‍ ബി.എല്‍.ഒ മാരോട് മാത്രമാണ് അന്വേഷിക്കാന്‍ പറഞ്ഞത്. അവര്‍ക്ക് അവരുടെ ബൂത്തിലെ വിവരങ്ങള്‍ മാത്രമേ കയ്യില്‍ ഉണ്ടാവൂ. മറ്റു വിവരങ്ങളൊന്നും കയ്യില്‍ ഉണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
പഞ്ചായത്തിലുള്ള, മണ്ഡലം മാറിയുള്ള വോട്ടര്‍മാരെ ബി.എല്‍.ഒ മാര്‍ക്ക് അറിയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്റെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ടേ ചെയ്യുന്നുള്ളു എന്ന് ഉറപ്പ് വരുത്തണമെന്നും ഇരട്ടവോട്ടുള്ളവര്‍ ബൂത്തില്‍ എത്തിയാല്‍ ഒരു ബൂത്തില്‍ മാത്രമേ വോട്ട് ചെയ്തിട്ടുള്ളു എന്ന് സത്യവാങ്മൂലം വാങ്ങണമെന്നുമാണ് ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കിക്കൊണ്ട് കോടതി പറഞ്ഞത്.
സുഗമമായ വോട്ടെടുപ്പിന് ആവശ്യമെങ്കില്‍ കേന്ദ്ര സേനയെ നിയോഗിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക