എ.ഐ ക്യാമറ ഇടപാട് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി; ജുഡീഷ്യല്‍ അന്വേഷണം വേണം: ചെന്നിത്തല
Kerala News
എ.ഐ ക്യാമറ ഇടപാട് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി; ജുഡീഷ്യല്‍ അന്വേഷണം വേണം: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd May 2023, 11:28 am

കാസര്‍ഗോഡ്: സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള എ.ഐ ക്യാമറ ഇടപാടില്‍ സര്‍ക്കാരും കെല്‍ട്രോണും ഒളിച്ചുകളിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാസര്‍ഗോഡ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണ് എ.ഐ ക്യാമറ ഇടപാടില്‍ നടന്നതെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഒളിച്ചുകളിക്കുകയാണെന്നും ടെന്‍ഡര്‍ നടപടിയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

‘എ.ഐ ക്യാമറ ഇടപാടില്‍ നടന്നത് 132 കോടി രൂപയുടെ അഴിമതിയാണ്. നൂറ് കോടി രൂപ വേണ്ടി വരുന്ന എ.ഐ ക്യാമറ പദ്ധതി 232 കോടി രൂപക്കാണ് ടെന്‍ഡര്‍ ചെയ്തത്. പ്രധാനപ്പെട്ട പല രേഖകളും മറച്ച് പൊതുയിടത്തിലുള്ള രേഖകളാണ് കെല്‍ട്രോണ്‍ വിശദീകരിക്കുന്നത്. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല.

കെല്‍ട്രോണിന്റെ രേഖകള്‍ പരിശോധിച്ചാല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് മനസിലാകും. പ്രവൃത്തി പരിചയമില്ലാത്ത കമ്പനികള്‍ക്ക് കരാര്‍ നല്‍കിയാണ് ഇടപാട് നടത്തിയത്.

കെല്‍ട്രോണ്‍ പല രേഖകളും മറച്ചുവെക്കുകയാണ്. മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. പ്രതിപക്ഷം പുകമറയുണ്ടാക്കുന്നുവെന്ന് പറഞ്ഞു സര്‍ക്കാരിന് രക്ഷപ്പെടാനാവില്ല. കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകള്‍ ക്രമക്കേട് തെളിയിക്കും,’ രമേശ് ചെന്നിത്തല പറഞ്ഞു.