തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കേന്ദ്രത്തില്‍ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള നീക്കം സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു,
സഹകരണം സംസ്ഥാന ലിസ്റ്റില്‍പ്പെട്ട വിഷയമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം ലിസ്റ്റില്‍ 32ാം എന്‍ട്രിയായി സംസ്ഥാന വിഷയത്തില്‍പ്പെടുത്തിയിട്ടുള്ളതാണ് സഹകരണം. കേന്ദ്രം അതില്‍ മന്ത്രാലയമുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
‘കേന്ദ്ര സര്‍ക്കാരില്‍ സഹകരണത്തിന് പുതിയ മന്ത്രാലയം ഉണ്ടാക്കി അമിത്ഷായെ ചുതല ഏല്‍പിക്കുകയാണ് ചെയ്യുന്നത്. സഹകരണ പ്രസ്ഥാനത്തെ വര്‍ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാര്‍ ശക്തികള്‍ക്ക് സഹകരണമേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്,’ രമേശ് ചെന്നിത്തല പറഞ്ഞു.
സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണം. ഇതിനെ ചെറുക്കാന്‍ കേരളം മുന്നോട്ട് വരണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്ര നീക്കത്തെിനെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
‘കേരളം, കര്‍ണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയില്‍ വന്‍വേരോട്ടമാണുള്ളത്. ജനങ്ങള്‍ വലിയ തോതില്‍ ആശ്രയിക്കുന്ന സഹകരണ മേഖലയെ ചൊല്‍പ്പടിക്ക് കൊണ്ടു വരാനുള്ള ഗൂഢഅജണ്ടയുടെ ഭാഗമണ് ഈ നീക്കം.
ഇപ്പോള്‍ തന്നെ സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. നോട്ട് നിരോധനം വഴി സഹകരണ മേഖലയെ തകര്‍ക്കാന്‍ നടന്ന ശ്രമം വലിയ ചെറുത്ത് നില്‍പ്പിലൂടെയാണ് പരാജയപ്പെടുത്തിയത്,’ ചെന്നിത്തല പറഞ്ഞു.