| Tuesday, 19th December 2023, 8:05 am

ഗവര്‍ണറേക്കാള്‍ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗവര്‍ണറേക്കാള്‍ കുടുതല്‍ എതിര്‍ക്കപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയെ വിശ്വസിച്ച് ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസ് പങ്കുചേരില്ലെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനാധിപത്യത്തില് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘ജനാധിപത്യത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. പൗരത്വഭേതഗതി നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഗവര്‍ണറെ പിന്‍വലിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട ആളാണ് ഞാന്‍. അന്ന് ഏറ്റവും ശക്തമായ ഗവര്‍ണറെ പിന്തുണച്ചത് മുഖ്യമന്ത്രിയായിരുന്നു.

ഗവര്‍ണറെ പിന്‍വലിക്കണമെന്ന എന്റെ പ്രമേയത്തെ തള്ളിക്കളയാന്‍ വേണ്ടി വലിയ കഠിനാധ്വാനം ചെയ്ത ആളാണ്. ഇവിടെ എതിര്‍ക്കപ്പെടേണ്ടത് ഗവണ്‍മെന്റാണ്. ഗവര്‍ണറുടെ നയങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നുണ്ട്. പക്ഷെ അതിനേക്കാള്‍ കൂടുതല്‍ എതിര്‍ക്കപ്പെടേണ്ടത് ഗവണ്‍മെന്റാണ്. കാവിവത്കരണത്തെ എതിര്‍ക്കുമ്പോള്‍ ചുവപ്പുവത്കരണം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.

ഞങ്ങള്‍ രണ്ടിനെയും എതിര്‍ക്കുകയാണ്. ഇത് രണ്ടും ശരിയല്ല. ഞങ്ങള്‍ക്ക് ഗവര്‍ണറെ പിന്തുണക്കേണ്ട ആവശ്യമില്ല. മുഖ്യമന്ത്രിയെയും പിന്തുണക്കേണ്ട ആവശ്യവുമില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നു എന്നത് കൊണ്ട് സര്‍വകലാശാലകളുടെ അക്കാദമിക് നിലവാരം വര്‍ധിപ്പിക്കാനല്ല ശ്രമിക്കുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് ഞങ്ങള്‍ പോരാടുന്നത്. അതുകൊണ്ട് ഞങ്ങള്‍ ഇവരെ വിശ്വസിച്ച് കൊണ്ട് ഗവര്‍ണര്‍ക്കെതിരായ സമരത്തില്‍ ഞങ്ങള്‍ പങ്കുചേരാനില്ല. ഇവര്‍ എപ്പോള്‍ വേണമെങ്കിലും അഡ്ജസ്റ്റ്‌മെന്റിലെത്തും. ഇവര്‍ എപ്പോള്‍ വേണമെങ്കിലും ഒന്നിക്കും,’ ശബരിമല ദര്‍ശനത്തിനെത്തിയ രമേശ് ചെന്നിത്തല സന്നിധാനത്ത് വെച്ച് പറഞ്ഞു.

content highlights; ramesh Chennithala said that the state government should be opposed more than the governor

We use cookies to give you the best possible experience. Learn more