| Monday, 22nd August 2022, 10:45 pm

പൊലീസും എക്‌സൈസും എന്താണ് ചെയ്യുന്നത്? പൊലീസുകാര്‍ പോലും മയക്കുമരുന്ന് ഉപയോഗിക്കുന്നു: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലേക്ക് മയക്കുമരുന്നിന്റെ വരവ് കഴിഞ്ഞ കുറേ മാസങ്ങളായി ക്രമാതീതമായി വര്ധിച്ചെന്ന് മുന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തേക്ക് വരുന്ന മയക്കുമരുന്നുകളില് അഞ്ച് ശതമാനം പോലും പിടിക്കപ്പെടുന്നില്ല എന്നത് വളരെ ഞെട്ടിക്കുന്ന വസ്തുതയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതിന് ആരാണ് ഉത്തരവാദിയെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില് രമേശ് ചെന്നിത്തല ചോദിച്ചു.

കഴിഞ്ഞ കുറേ മാസങ്ങളായി മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ ഭീമാകാരമായ വര്ധനവാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പത്തും പതിനഞ്ചും വയസുള്ള കുട്ടികളിലേക്കാണ് ആദ്യം ലഹരി മാഫിയ പടര്ന്ന് കയറുന്നത്. എത്ര എത്ര യുവത്വങ്ങളാണ് ഇതുമൂലം കുടുംബത്തിനും രാജ്യത്തിനും നഷ്ടപ്പെടുന്നത്. നമ്മുടെ പെണ്കുട്ടികളെ പോലും അവര് നശിപ്പിക്കുകയാണ്. തങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാന് അവര്ക്ക് നല്ല വിദ്യാഭ്യാസം വേണമെന്ന് ആഗ്രഹിക്കുന്ന അച്ഛനും അമ്മയും പകലന്തിയോളം പണിയെടുത്തു മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില് അഡ്മിഷന് വാങ്ങി അവരെ അവിടേക്ക് അയക്കുമ്പോള് മാതാപിതാക്കള് കാണുന്ന ഒരു സ്വപ്നമുണ്ട്, തങ്ങള് അനുഭവിച്ച ജീവിത കഷ്ടപ്പാടുകള് ഒരിക്കലും തങ്ങളുടെ കുട്ടികള് അനുഭവിക്കരുതെന്ന് അവര്ക്ക് മികച്ച വിദ്യാഭ്യാസം നല്കി മികച്ച തൊഴില് അവര്ക്ക് കിട്ടണമെന്നുമുള്ളതാണ് അവരുടെ ആ സ്വപ്നം. സംസ്ഥാനത്ത് നടക്കുന്ന കൊലപാതകങ്ങളിലും അക്രമ സംഭവങ്ങളിലും 90 ശതമാനവും മയക്കുമരുന്ന് ഒരു പ്രധാന കാരണമാവുകയാണ്. നമ്മുടെ പൊലീസ് സംവിധാനവും എക്‌സൈസ് സംവിധാനവും എന്താണ് ചെയ്യുന്നത്? ആഭ്യന്തരത്തില് എന്താണ് സംഭവിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

ഭരണാധികാരികളില് ഉണ്ടായ ഉള്ഭയം മൂലം പബ്ലിക് ഡ്യൂട്ടി ചെയ്യേണ്ട പൊലീസുകാര് ഭരണാധികാരികളുടെ പിറകെ പായുന്ന കാഴ്ചയാണ് കാണുവാന് സാധിക്കുന്നത്. ജനസംഖ്യക്ക് ആനുപാതികമായുള്ള പൊലീസ് അംഗബലവും വളരെയധികം അത്യാവശ്യമാണ്, രാഷ്ട്രീയം ഉപേക്ഷിക്കാതെ തന്നെ പൊലീസ് സേനകളില് കയറിപ്പറ്റിയ പലരുടെയും തനിനിറം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതിന് ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഇടുക്കിയില് മയക്കുമരുന്നുമായി പിടിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെത്. പൊലീസുകാര് പോലും മയക്കുമരുന്ന് ഉപയോഗിക്കുകയും അവ കച്ചവടം ചെയ്യുന്നു എന്നത് ഈ പ്രശ്‌നത്തിന്റെ ഭീബല്സമായ മുഖമാണ് നമ്മളെ കാണിച്ചുതരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കുറച്ചുദിവസം മുമ്പ് ഇടുക്കിയില് ഒരു സമരപരിപാടിയില് ഒരു യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന്റെ കണ്ണടിച്ചുപൊട്ടിച്ച പൊലീസുകാരനും ഈ മയക്കുമരുന്നുമായി പിടിക്കപ്പെട്ട പൊലീസുകാരനും ഒരേ ക്യാമ്പില് ജോലി നോക്കുന്നവരാണ്. ഇതിലൂടെ നോക്കുമ്പോള് ആ പൊലീസുകാരനും മയക്കുമരുന്ന് ഉപയോഗമുണ്ടോ എന്ന് കൂടി സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി സമരം ചെയ്യുന്നവരോടുള്ള പൊലീസിന്റെ അതിക്രമം എന്തുകൊണ്ടാണ് വര്ധിക്കുന്നത്, എത്ര പൈശാചികമായിട്ടാണ് അവര് ആളുകളെ ഉപദ്രവിക്കുന്നത്. ഇതൊരു വലിയ ക്രമസമാധാന പ്രശ്‌നമാണ്. സര്ക്കാര് ഇപ്പോഴും ഈ പ്രശ്‌നത്തില് ഇരുട്ടില് തപ്പുന്ന കാഴ്ചയാണ് കാണുന്നത്. സര്ക്കാര് ഇടപെട്ടെ മതിയാകൂവെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

‘നമ്മുടെ നാടിന്റെ പ്രശ്‌നമാണ്. നമ്മളെ വോട്ട് ചെയ്ത് അധികാരത്തിലേറ്റുന്ന ജനങ്ങളുടെ പ്രശ്‌നമാണ്. അച്ഛനമ്മമാരുടെ കണ്ണീര് ഇനിയും ഈ മണ്ണില് വിഴാന് അനുവദിക്കരുത്. അത് സാധ്യമായില്ലെങ്കില് ഭരണാധികാരികള് ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണ്, നമ്മുടെ തലമുറകള് തന്നെ ഇല്ലാതാക്കുന്ന ക്യാന്സറാണ് മയക്കുമരുന്ന്. ആ ക്യാന്സര് ഇല്ലാതാക്കേണ്ടത് ഭരണാധികാരികളുടെ കടമയാണ്. മയക്കുമരുന്ന് കള്ളക്കടത്തിലെ മുഖ്യപ്രശ്‌നം തൊഴിലില്ലായ്മയാണ്. തൊഴിലില്ലാത്ത യുവതപെട്ടെന്ന് പണം സമ്പാദിക്കാനുള്ള കുറുക്കുഴിയായിട്ടാണ് മയക്കുമരുന്ന് കച്ചവടം ആരംഭിക്കുന്നത്. അവര് അതിലേക്ക് വഴുതി വീഴുകയാണ് ഒന്നോ രണ്ടോ തവണ നടത്തി അവസാനിപ്പിക്കാം എന്നുള്ള രീതിയിലാണ് പല യുവാക്കളും ചെന്ന് പെടുന്നത്.അവസാനം അവര് പിടിക്കപ്പെടുന്നതുവരെ തൊഴില് ചെയ്യേണ്ടിവരുന്ന അവസ്ഥയിലേക്ക് അവര് പെട്ടു പോവുകയാണ്.

കേരളത്തിലെ ഗവണ്മെന്റ് സര്വീസിലേക്കുള്ള ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികളും നികത്തണം. ഞാന് അഭ്യന്തര മന്ത്രി ആയിരുന്നപ്പോള് ലഹരി മാഫിയക്ക് എതിരെ എടുത്ത ശക്തമായ പദ്ധതി ആയിരുന്നു ‘ക്ലീന് ക്യാമ്പസ് സേഫ് ക്യാംപസ്’. ഇതിലൂടെ കേരളത്തിലെ ലഹരി മാഫിയക്ക് കൂച് വിലങ്ങ് ഇടാന് സാധിച്ചു. അഭ്യന്തരമന്ത്രി ആയിരുന്നപ്പോള് കേരളത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകള് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് റെയ്ഡ് വഴി ലഹരിമാഫിയയുടെ വേരോട്ടം നിര്ത്തുവാന് സാധിച്ചു. പഞ്ചനക്ഷത്ര യാനങ്ങള്, പഞ്ചനക്ഷത്ര ഹോട്ടലുകള് നടന്നിരുന്ന ലഹരി പാര്ട്ടികളും അവയുടെ കച്ചവടവും പൊലീസ് നടപടിയിലൂടെ നിര്ത്തി കേരളത്തെ ലഹരി മുക്ത കേരളം എന്ന നിലവാരത്തിലേക്ക് ഉയര്ത്താന് അഭ്യന്തര മന്ത്രി എന്ന നിലയില് അന്ന് എനിക്ക് സാധിച്ചു എന്നുള്ളത് അഭിമാനത്തോടെ പറയട്ടെ. ലഹരി മുക്ത കേരളത്തിനായി ഇനിയും തന്റെ പോരാട്ടങ്ങള് തുടരുക തന്നെ ചെയ്യും,’ രമേശ് ചെന്നിത്തല കൂട്ടിച്ചേര്ത്തു.

CONETNT HIGHLIGHGHTS: Ramesh Chennithala said that the arrival of drugs in Kerala has increased dramatically in the last few months

We use cookies to give you the best possible experience. Learn more