| Sunday, 3rd September 2023, 9:45 pm

'ഉമ്മന്‍ ചാണ്ടിയോളം വേട്ടയാടപ്പെട്ട കുടുംബം സംസ്ഥാന രാഷ്ട്രീയത്തില്‍ വേറെയില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളിയില്‍ പിണറായി സര്‍ക്കാരിനെതിരായ ജനവികാരം പ്രതിഫലിക്കുമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേരളമാകെ ജനവിരുദ്ധ സര്‍ക്കാരിനെതിരായ വികാരം പ്രകടമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചെന്നിത്തല പറഞ്ഞു.

‘ജനവികാരം മറികടക്കാന്‍ പിണറായിക്കും കൂട്ടര്‍ക്കും കഴിയില്ല. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം എത്രകണ്ട് കുറക്കാമെന്ന ഗവേഷണമാണ് ഇപ്പോള്‍ ഇടതുപക്ഷത്ത് നടക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കെതിരെ നേരിട്ടും സൈബര്‍ സഖാക്കളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം സി.പി.ഐ.എമ്മിന് തന്നെ ബൂമറാങ്ങാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയെക്കാള്‍ മരണമടഞ്ഞ ഉമ്മന്‍ ചാണ്ടിയെ ഇടത് പക്ഷം ഭയപ്പെടുന്നത്. ഇത്രത്തോളം വേട്ടയാടപ്പെട്ട കുടുംബം സംസ്ഥാന രാഷ്ട്രീയത്തില്‍ വേറെയില്ല. ചാണ്ടി ഉമ്മന് ലഭിക്കുന്ന ഒരോ വോട്ടും ഉമ്മന്‍ ചാണ്ടിക്കുള്ളത് കൂടിയാണ്. അത് കൊണ്ട് തന്നെ ഭൂരിപക്ഷം ഇതുവരെ ലഭിച്ചതിനെ മറികടക്കുന്ന കാര്യം ഉറപ്പാണ്.

ഇലക്ഷന്‍ പ്രചരണം തുടങ്ങിയ നാള്‍ മുതല്‍ പുതുപ്പള്ളിയില്‍ പ്രചരണത്തിനുണ്ടായിരുന്ന ആളെന്ന നിലക്കും ദീര്‍ഘകാലം എം.പിയായിരുന്ന മണ്ഡലമെന്ന നിലക്കും എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യം ഇത്രയേറെ വികസനമെത്തിയ മണ്ഡലം ചുരുക്കമാണ്.

ഉമ്മന്‍ ചാണ്ടി അത്രത്തോളം മണ്ഡലത്തേയും ജനങ്ങളേയും സ്‌നേഹിച്ചിരുന്നു. പുതുപള്ളിയിലെ മുക്കിലും മൂലയിലും അത്പ്രകടമാണ്. ഉമ്മന്‍ ചാണ്ടിയുടെ സ്മരണ ഉറങ്ങുന്ന പുതുപള്ളിയില്‍ ചാണ്ടി ഉമ്മന് ചരിത്ര വിജയം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ ചെന്നിത്തല പറഞ്ഞു.


Content Highlight: Ramesh Chennithala said that public sentiment against the Pinarayi government will be reflected in Pudupally

Latest Stories

We use cookies to give you the best possible experience. Learn more