സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് ആണെന്ന കാര്യം സി.വി. വര്‍ഗീസ് മറക്കരുത്: ചെന്നിത്തല
Kerala News
സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് ആണെന്ന കാര്യം സി.വി. വര്‍ഗീസ് മറക്കരുത്: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th March 2022, 2:45 pm

തിരുവനന്തപുരം: സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സി.പി.ഐ.എം അധപതിച്ചിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

‘സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണ്. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം.
പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സുധാകരന്‍ കെ.പി.സി.സിയുടെ പ്രസിഡന്റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത്.

ഇത്തരം പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സി.പി.എം അധപതിച്ചിരിക്കുന്നു. കൊലപതക രാഷ്ടീയത്തിന്റെ വക്താക്കളാണു സി.പി.ഐ.എം എന്നു തെളിയിക്കുന്നതാണു ജില്ലാ സെക്രട്ടറിയുടെ പ്രസംഗം,’ രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.വി. വര്‍ഗീസിനെ പൊലീസ് ചോദ്യം ചെയ്യണമെന്ന് സതീശന്‍ പറഞ്ഞിരുന്നു. കാലന്റെ റോള്‍ കൈകാര്യം ചെയ്യുന്നത് സി.പി.ഐ.എം നേതാക്കളാണെന്നാണ് അവരുടെ ധാരണയെന്നും അദ്ദേഹം പറഞ്ഞു.

‘ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.വി. വര്‍ഗീസിനെ വിളിച്ച് ചോദ്യം ചെയ്യണം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുപാട് വിവരങ്ങള്‍ ജില്ലാ സെക്രട്ടറിക്ക് അറിയാം. കെ.പി.സി.സി പ്രസിഡന്റിനെതിരെ പറയാനുള്ള ധിക്കാരമാണ്, തെരുവ് ഗുണ്ടയുടെ സ്വഭാവമാണ് അദ്ദേഹം കാണിച്ചിരിക്കുന്നത്. കേരളത്തില്‍ കാലന്റെ റോള്‍ മുഴുവന്‍ കൈകാര്യം ചെയ്യുന്നത് സി.പി.ഐ.എം നേതാക്കളാണെന്നുള്ള ധാരണയാണ് അവര്‍ക്ക്. അതൊന്നും കോണ്‍ഗ്രസിന്റെ അടുത്ത് വിലപോകില്ല.

കെ. സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണ് വാരിയിടാന്‍ കേരളത്തിലെ സി.പി.ഐ.എമ്മുകാരെ കോണ്‍ഗ്രസുകാര്‍ സമ്മതിക്കില്ല. ഒരു ഭീഷണിയും വേണ്ട. കേരളത്തില്‍ ഇപ്പോള്‍ ഗുണ്ടാ കോറിഡോറാണ്. ആ ഗുണ്ടകള്‍ക്ക് മൊത്തം സഹായം ചെയ്യുന്നത് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയെ പോലുള്ള നേതാക്കളാണ്.

ഓരോ ജില്ലയിലും ഗുണ്ടകളെ വളര്‍ത്തുന്നത് സി.പി.ഐ.എം നേതാക്കളാണ്. അവരുടെ കൂടെ കൂടിയതുകൊണ്ടാണ് സി.പി.ഐ.എം നേതാക്കള്‍ ഗുണ്ടകളെ പോലെ സംസാരിക്കുന്നത്.

സി.വി. വര്‍ഗീസിനെതിരെ നടപടിയെടുക്കാന്‍ സി.പി.ഐ.എം നേതൃത്വം തയ്യാറാവുമോ എന്നാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്. നികൃഷ്ട ജീവിയെന്ന വാക്ക് മലയാള നിഘണ്ടുവിന് സംഭാവന ചെയ്തത് പിണറായി വിജയന്‍ തന്നെയാണ്. ഇവര്‍ തന്നെയാണ് ഇത്തരത്തില്‍ സംസാരിക്കാന്‍ താഴെത്തട്ടിലുള്ളവരെ പ്രേരിപ്പിക്കുന്നത്,’ സതീശന്‍ പറഞ്ഞു.

കെ. സുധാകരന്റെ ജീവന്‍ സി.പി.ഐ.എമ്മിന്റെ ഭിക്ഷയാണെന്നാണ് സി.വി. വര്‍ഗീസ് പറഞ്ഞത്. ഇടുക്കി ചെറുതോണിയില്‍ സംഘടിപ്പിച്ച സി.പി.ഐ.എം പൊതുയോഗത്തിലാണ് സി.വി. വര്‍ഗീസിന്റെ പ്രസംഗമുണ്ടായത്.

‘സി.പി.ഐ.എം എന്ന പാര്‍ട്ടിയുടെ കരുത്തിനെ കുറിച്ച് സുധാകരന് ധാരണയുണ്ടാകണം. പ്രിയപ്പെട്ട കോണ്‍ഗ്രസുകാരന്‍ പറയുന്നതെന്താ, കണ്ണൂരില്‍ ഏതാണ്ട് വലിയത് നടത്തി. ഇടുക്കിയിലെ കോണ്‍ഗ്രസുകാര നിങ്ങള്‍ കരുതിക്കോ, സുധാകരനെന്ന ഭിക്ഷാംദേഹിക്ക് ഞങ്ങള്‍ സി.പി.ഐ.എം കൊടുക്കുന്ന ഭിക്ഷയാണ് സുധാകരന്റെ ജീവിതം.

 

ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ്. ഭിക്ഷയാണ് ഈ ജീവിതമെന്ന് കോണ്‍ഗ്രസുകാര്‍ മറക്കരുത്. ഇടുക്കിയില്‍ വന്ന് നാറികളെ കൂട്ടുപിടിച്ച് സുധാകരന്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്.

ധീരജിനെ കുത്തികൊലപ്പെടുത്തിയ പ്രതിക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടതെന്ന് സി.പി.ഐ.എം തീരുമാനിക്കും,’ സി.വി. വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച പൊതുയോഗങ്ങളില്‍ കെ. സുധാകരന്‍ പങ്കെടുത്തിരുന്നു. പരിപാടിയില്‍ സി.പി.ഐ.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കെ. സുധാകരന്‍ ഉന്നയിച്ചത്. ഇതാണ് ചെറുതോണിയില്‍ സി.പി.ഐ.എം യോഗം സംഘടിപ്പിക്കാനുണ്ടായ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

CONTENT HIGHLIGHTS:  Ramesh Chennithala said  CPIM Idukki district secretary CV Varghese’s  statement made against  K Sudhakaran was cheap