തിരുവനന്തപുരം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബി.ജെ.പി അനുകൂല പ്രസ്താവന ആവേശത്തില്‍ പറഞ്ഞതാകാമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിഷപ്പ് നടത്തിയത് പെട്ടെന്നുള്ള വികാരപ്രകടനം മാത്രമാണെന്നും അത് കര്‍ഷകരുടെ വികാരമായിരിക്കാമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന ബി.ജെ.പിക്ക് ക്രൈസ്തവ വിഭാഗത്തിന് സുരക്ഷിയൊരുക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
‘പാംപ്ലാനി പിതാവ് പറഞ്ഞത് കര്‍ഷകരുടെ ആശങ്കകളാണ്. അദ്ദേഹം ഒരു ആവേശത്തില്‍ പറഞ്ഞതായിട്ടേ ഞാന്‍ കാണുന്നുള്ളു. മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണ്.
അവരുടെ കൈകളില്‍ ക്രൈസ്തവ വിഭാഗം എങ്ങെനെ സുരക്ഷിതരാകും. ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമം നടത്തുന്നത് ആര്‍.എസ്.എസാണ്. മതന്യൂനപക്ഷങ്ങളെ സഹായിക്കുന്നത് കോണ്‍ഗ്രസും, അനുബന്ധമായ മതേതര പാര്‍ട്ടികളുമാണ്. റബ്ബറിന് വിലകൂടാന്‍ കാരണം ബി.ജെ.പിയുടെ തെറ്റായ നയങ്ങളാണ്.
ഇന്ത്യയിലുടനീളം കര്‍ഷകര്‍ സമരത്തിലാണ്. കേന്ദ്ര നയങ്ങള്‍ക്കെതിരായിട്ടാണ് സമരം. അവരുടെ കയ്യില്‍ നിന്ന് ആരെങ്കിലും നീതി പ്രതീക്ഷിക്കുന്നുണ്ടോ. അതുകൊണ്ട് പാംപ്ലാനി പിതാവ് നടത്തിയത് വികാരപ്രകടനമായിട്ടേ ഞാന്‍ കാണുന്നുള്ളു,’ രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയായി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന. കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ പരാമര്‍ശം.
‘റബ്ബര്‍ കര്‍ഷകരെ സഹായിച്ചാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കും. കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കും. കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാം,’ എന്നായിരുന്നു ബിഷപ്പ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.
Content Highlight: Ramesh Chennithala’s reaction on that Thalassery Archbishop Mar Joseph Pamplani’s pro-BJP statement