2018ലെ പ്രളയത്തിനുത്തരവാദി സര്‍ക്കാരണെന്ന് അന്ന് പറഞ്ഞപ്പോള്‍ അപഹസിച്ചു, ഇപ്പോള്‍ സത്യം തെളിഞ്ഞു: രമേശ് ചെന്നിത്തല
Kerala News
2018ലെ പ്രളയത്തിനുത്തരവാദി സര്‍ക്കാരണെന്ന് അന്ന് പറഞ്ഞപ്പോള്‍ അപഹസിച്ചു, ഇപ്പോള്‍ സത്യം തെളിഞ്ഞു: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th November 2021, 9:46 pm

തിരുവനന്തപുരം: 2018ലെ മഹാപ്രളയം മനുഷ്യനിര്‍മിതമാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രളയത്തിനുത്തരവാദി സര്‍ക്കാരാണെന്ന് 2018ല്‍ താന്‍ ആദ്യം പറഞ്ഞപ്പോള്‍ എന്നെ അപഹസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പക്ഷേ സത്യത്തെ മൂടിവയ്ക്കാന്‍ അതുകൊണ്ടൊന്നും കഴിയില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.

സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്നതോട് കൂടി 483പേരുടെ മരണത്തിനും നാശത്തിനും സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് ഉത്തവരവാദിയെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

‘ഈ പ്രളയത്തിന് ഉത്തരവാദി സര്‍ക്കാരാണ്. 483 പേരുടെ മരണത്തിനും സംസ്ഥാനത്തുണ്ടായ കനത്ത നാശനഷ്ടങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയണം. സര്‍ക്കാരിന്റെ കഴിവുകേടും ജാഗ്രതക്കുറവും കാരണമാണ് ഈ ദുരന്തമുണ്ടായത്. ഇക്കാര്യം നേരത്തെ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കണ്ടെത്തിയിരുന്നു. കനത്ത മഴ വരികയാണെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചു.

മുന്നറിയിപ്പ് നല്‍കാതെയും മുന്‍കരുതലുകള്‍ എടുക്കാതെയും ഡാമുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ടും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും പ്രതിപക്ഷവാദം പൂര്‍ണമായും ശരിവയ്ക്കുന്നതാണ്. ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മുന്‍കരുതലുകളൊന്നും എടുത്തില്ല,’ രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളും പാലിച്ചില്ല. കുറ്റകരമായ വീഴ്ചയാണ് ഡാം മാനേജ്‌മെന്റ് കാര്യത്തില്‍ സര്‍ക്കാരിനുണ്ടായത്. സര്‍ക്കാരിന്റെ വീഴ്ച കൊണ്ടാണ് ഈ പ്രളയം സംഭവിച്ചതെന്ന് സര്‍ക്കാരിനും ബോധ്യമുള്ളതിനാലാണ് ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ഒരു അന്വേഷണം പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്. സത്യം പുറത്തുവരുമെന്ന ഭയമാണ് സര്‍ക്കാരിനെന്നും ചെന്നിത്തില പറഞ്ഞു.

2018ല്‍ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതം കൂട്ടാന്‍ ഡാം തുറന്നത് കാരണമായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കേരളത്തിലെ പ്രളയങ്ങളിലെ മുന്നൊരുക്കവും പ്രതിരോധവും സംബന്ധിച്ച് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ(സി.എ.ജി.) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മുല്ലപ്പെരിയാര്‍ ഡാം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കില്‍ പ്രളയത്തിന്റെ ശക്തി കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നാണ് സര്‍ക്കാര്‍ സി.എ.ജിയെ അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Ramesh Chennithala’s comment on CAG Report