| Tuesday, 22nd September 2020, 12:01 pm

'നാറി പുഴുത്ത് ഈ സര്‍ക്കാര്‍ പുറത്ത് പോകും; കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതുവരെ പോരാട്ടം തുടരും' : നിയമസഭ കയ്യാങ്കളികേസ് വിധിയില്‍ രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന കോടതി വിധിയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് ചെന്നിത്തല പറഞ്ഞു.

‘നാറി പുഴുത്ത് ഈ സര്‍ക്കാര്‍ പുറത്തുപോകും. കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ ഈ പോരാട്ടം തുടരും’- ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് കാലത്തെ നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തിരുവനന്തപുരം സി.ജെ.എം കോടതി തള്ളിയിരിക്കുകയാണ്. കേസ് പിന്‍വലിക്കാനാവില്ലെന്നും പൊതുമുതല്‍ നഷ്ടം വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

നിയമം ഉണ്ടാക്കുന്നവര്‍ തന്നെ നിയമം ലംഘിച്ചുവെന്നും ഭരണപക്ഷത്ത് വന്ന ശേഷം അതിനെ വെള്ളപൂശുകയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ സന്തോഷ് പ്രതികരിച്ചു.

രണ്ട് ലക്ഷത്തിലേറെ തുകയുടെ നഷ്ടമാണ് അന്നത്തെ അക്രമ സംഭവത്തില്‍ കണക്കാക്കിയത്. അക്കാര്യം പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ സന്തോഷ്

പറഞ്ഞു.

എന്നാല്‍ ജനപ്രതിനിധികള്‍ക്കെതിരായ കേസ് അനന്തമായി നീണ്ടുപോകുന്നത് അനുചിതമല്ലെന്നും കേസ് പിന്‍വലിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.

മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരുള്‍പ്പടെ ആറുപേരാണ് കേസിലെ പ്രതികള്‍.

ഇതിനിടെ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെന്നായിരുന്നു ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

എന്നാല്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ തടസ്സ ഹരജി നല്‍കിയിരുന്നു. ഇരുഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് കേസില്‍ ഇന്ന് വിധി പറഞ്ഞത്.

2015 ല്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിലാണ് സഭയില്‍ കയ്യാങ്കളിയും സംഘര്‍ഷവും അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights;  ramesh chennithala response niyamasabha case verdict

We use cookies to give you the best possible experience. Learn more