| Sunday, 11th July 2021, 9:10 pm

'എന്റെ പേര് പറയിക്കാന്‍ നടക്കുന്നവര്‍ ശിവശങ്കരന്‍ തന്റെ സെക്രട്ടറിയായിട്ടല്ലെന്ന കാര്യം ഓര്‍ക്കണം'; സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ എന്തും ചെയ്യുമെന്ന് രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പ്രതി സരിത്തിന്റെ മൊഴിയില്‍ പ്രതികരിച്ച് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല എന്നതിന് തെളിവാണ് കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയിക്കാന്‍ ജയിലില്‍വെച്ച് പ്രതികളുടെ മേല്‍ ഉണ്ടായ സമ്മര്‍ദ്ദമെന്ന് അദ്ദേഹം പറഞ്ഞു.

കൃത്രിമ തെളിവുണ്ടാക്കാനും സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനും ഭരണകൂടം തന്നെ ശ്രമിക്കുന്ന ഗുരുതരമായ സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. ഇതിനെപ്പറ്റി സ്വതന്ത്രമായ അന്വേഷണം വേണെമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

‘നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറയാന്‍ ജയില്‍ സൂപ്രണ്ടും ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയെന്നും പീഡിപ്പിച്ചുവെന്നും പ്രതി പി.എസ്. സരിത്ത് കോടതിയില്‍ മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. രമേശ് ചെന്നിത്തലയുടെ പേര് പറയാനാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ചില മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണം,’ ചെന്നിത്തല പറഞ്ഞു.

ജയില്‍ വകുപ്പും പൊലീസും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ ഇത് സംഭവിക്കില്ല. സ്വര്‍ണ്ണക്കടത്തു കേസിലും ഡോളര്‍ കടത്തു കേസിലും മുഖ്യമന്ത്രിക്കെതിരായ മൊഴികള്‍ കോടതിയുടെ മുന്‍പാകെയുണ്ട്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള പങ്കുപോലും പ്രതികള്‍ ആരോപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സ്വര്‍ണ്ണക്കടത്തു കേസില്‍ എന്റെ പേര് പറയിക്കാന്‍ നടക്കുന്നവര്‍ ഒരു കാര്യം മറക്കരുത്. ശിവശങ്കരന്‍ എന്റെ സെക്രട്ടറിയായിട്ടല്ല ജോലി ചെയ്തിരുന്നത്. സ്വപനാ സുരേഷ് എന്റെ കീഴിലുമല്ല ജോലി ചെയ്തിരുന്നത്. വിവാദ നയതന്ത്ര ഉദ്യോഗസ്ഥരെയും കൂട്ടി സ്വപ്നാ സുരേഷ് എന്റെ വീട്ടിലല്ല സ്ഥരിമായി വന്നിരുന്നത്. കള്ളത്തെളിവുണ്ടാക്കി സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ല,’ ചെന്നിത്തല പറഞ്ഞു.

അപ്പോള്‍ എന്റെ പേരു കൂടി പറയിച്ചാല്‍ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താം എന്ന കുബുദ്ധിയാണ് ഇതിന് പിന്നില്‍.
ഉന്നത തലങ്ങളില്‍ നടന്ന വന്‍ഗൂഢാലോചനയുടെ ഫലമായിട്ടാണ് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് മേല്‍ ജയില്‍ സൂപ്രണ്ടടക്കമുള്ള ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പിയുമായി സി.പി.ഐ.എം. രഹസ്യ ധാരണ ഉണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കടത്തു കേസിന്റെ അന്വേഷണം മരവിപ്പിക്കപ്പെട്ടത്. ആ ധാരണ ഇപ്പോള്‍ പൊളിഞ്ഞോ എന്ന് വ്യക്തമല്ല. ആ ധാരണയ്ക്ക് എന്തു പറ്റിയെന്ന് സി.പി.ഐ.എം. നേതാക്കളും ബി.ജെ.പി. നേതാക്കളും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Ramesh Chennithala responds to Sarith’s statement that he was forced to reveal his name in a gold smuggling case

We use cookies to give you the best possible experience. Learn more