| Friday, 2nd April 2021, 9:37 pm

ലയിക്കേണ്ടത് ഡീലുണ്ടാക്കിയ ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍; മോദിയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ലയിക്കേണ്ട പാര്‍ട്ടികള്‍ ബി.ജെ.പിയും സി.പി.ഐ.എമ്മുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും സി.പി.ഐ.എമ്മും ലയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഉണ്ടാക്കേണ്ടതെന്നായിരുന്നു മോദി പറഞ്ഞത്. കഴക്കൂട്ടത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ചായിരുന്നു മോദിയുടെ പരാര്‍ശം.

ഈ തെരഞ്ഞെടുപ്പിന് സി.പി.ഐ.എമ്മുമായി ബി.ജെ.പി ഡീല്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിനെക്കുറിച്ച് പറഞ്ഞത് ആര്‍.എസ്.എസിന്റെ നേതാവായ ബാലശങ്കറാണ്. എന്തു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെക്കുറിച്ച് ഒരക്ഷരം പറയാത്തത്. അത് നിഷേധിക്കാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ല. മാത്രമല്ല, കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെ എല്ലാ രീതിയിലും അനുകരിക്കാനാണ് കേരളത്തില്‍ പിണറായിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ശ്രമിക്കുന്നത്. ആ നിലയ്ക്കും ആ പാര്‍ട്ടികള്‍ തമ്മിലാണ് ലയിക്കേണ്ടത്. ശക്തമായ സാക്ഷിമൊഴികളുണ്ടയിട്ടും സ്വര്‍ണ്ണക്കടത്തു കേസും ഡോളര്‍ കടത്തുകേസുമൊക്കെ ഫ്രീസറില്‍ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു എന്നും രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ പറഞ്ഞു.

കേരളത്തെ നിരന്തരമായി അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് നരേന്ദ്രമോദി സംസാരിക്കുന്നത് ഫലിതമാണ്. കേരളത്തിന് അര്‍ഹമായത് എന്ത് കൊണ്ടാണ് നല്‍കാത്തത് എന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു. ശബരിമല ഭക്തരെക്കുറിച്ച് അദ്ദേഹം കണ്ണീരൊഴുക്കുന്നതും ജനത്തെ കബളിപ്പിക്കാനാണ്. മുന്‍പ് ഇവിടെ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാന മന്ത്രി ഓര്‍ക്കുന്നുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala reply to the statement made by Modi

Latest Stories

We use cookies to give you the best possible experience. Learn more