Kerala News
പ്രവാചകവിരുദ്ധതയിലെ ക്ഷമാപണം അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യം വെച്ച്; അതിന് ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതുമായി ബന്ധമില്ല: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jun 06, 09:20 am
Monday, 6th June 2022, 2:50 pm

 

തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ പ്രവാചകവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിദ്വേഷ പ്രസംഗങ്ങളില്‍ നിന്ന് ‘രാഷ്ട്രീയ ലാഭം’ കൊയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാനുള്ള ശ്രമമാണ് മോദിയുടെ വക്താക്കള്‍ നടത്തുന്നതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കള്‍ നടത്തിയ അപരിഷ്‌കൃതവും അപലപനീയവും അങ്ങേയറ്റം വിഷലിപ്തവും നിന്ദ്യവുമായ അധിക്ഷേപങ്ങള്‍ക്ക് എതിരെ അറബ് രാഷ്ട്രങ്ങളിലും ആഗോളതലത്തിലും വലിയ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്.

ഇന്ത്യയുടെ പ്രതിനിധികളെ ഞായറാഴ്ച വിളിച്ചുവരുത്തി കുവൈറ്റും, ഖത്തറും, ഇറാനും പ്രതിഷേധത്തിന്റെ നയതന്ത്ര കുറിപ്പുകള്‍ കൈമാറി എന്ന വാര്‍ത്ത ആര്‍ഷഭാരത സംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന ഓരോ ഭാരതീയനും അപമാനപൂര്‍വമേ ഉള്‍കൊള്ളാന്‍ കഴിയൂ,’ ചെന്നിത്തല പറഞ്ഞു.

നാനാത്വത്തില്‍ ഏകത്വമെന്ന ശക്തവും വൈവിധ്യവുമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യങ്ങളിലൂന്നി എല്ലാ മതങ്ങളോടും സഹിഷ്ണുത, സഹവര്‍ത്തിത്വം, ബഹുമാനം എന്നീ മൂല്യങ്ങള്‍ മുറുകെപിടിക്കുന്ന നമ്മുടെ പൈതൃകത്തിന് ആഗോളതലത്തില്‍ ആഘാതമേല്‍പിക്കുന്ന ആപല്‍ക്കരമായ നയങ്ങളാണ് മോദിയും ബി.ജെ.പിയും ഇന്നും അനുവര്‍ത്തിക്കുന്നത്.

വിദ്വേഷ പ്രസംഗങ്ങളില്‍ നിന്ന് ‘രാഷ്ട്രീയ ലാഭം’ കൊയ്യുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാനുള്ള ശ്രമമാണ് മോദിയുടെ വക്താക്കള്‍ നടത്തുന്നത്.
ഇപ്പോള്‍ നടത്തിയ ഈ അവഹേളനത്തെയും മതനിന്ദയെയും തള്ളിപ്പറയാന്‍ ബി.ജെ.പി ഒരുങ്ങിയതിന് ഒരു കാരണമുണ്ട്.

ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ വികാരം വ്രണപ്പെടുത്തിയതുമായി അതിന് ഒരു ബന്ധവുമില്ല. മോദിയുടെ ബുള്‍ഡോസറുകള്‍ക്ക് പോകാന്‍ കഴിയാത്ത ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കെതിരെ രോഷം പടര്‍ന്നപ്പോള്‍ മാത്രമാണ് ബി.ജെ.പി ഈ മതനിന്ദയെ അപലപിക്കാന്‍ തയ്യാറായത്. ഈ ക്ഷമാപണം അന്താരാഷ്ട്ര പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ളതുമാത്രമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഭാരതത്തെ ലോകത്തിനുമുന്നില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അന്യമത നിന്ദയെ പ്രോത്സാഹിപ്പിക്കുന്ന, വിദ്വേഷത്തിന്റെ കനലുകള്‍ വാരിവിതറുന്ന നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് നയങ്ങള്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ചില വിദേശ ബന്ധങ്ങളെ തകര്‍ക്കുകയാണ്. ഇതിനെ മതേതരവാദികളും രാജ്യസ്നേഹികളുമായ എല്ലാവരും ശക്തമായി, അപലപിക്കുകയും ഒന്നിച്ചു എതിര്‍ത്ത് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുകയും ചെയ്യണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.