തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് നേതൃത്വം ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. രാഹുല്‍ ഗാന്ധിയാണ് വിളിപ്പിച്ചത്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ചെന്നിത്തലയെ പിന്തുണച്ചിരുന്നെങ്കിലും ഹൈക്കമാന്റ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുകയായിരുന്നു.
ഇതില്‍ ചെന്നിത്തല പരോക്ഷമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചെന്നിത്തല തുറന്നടിച്ചിരുന്നു.
ചിരിക്കുന്നവരെല്ലാം സ്‌നേഹിതന്‍മാരാണെന്ന് കരുതരുതെന്നും മുന്‍പില്‍ വന്നു പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാകില്ല എന്നുള്ള അനുഭവ പാഠമാണ് തനിക്കുള്ളതെന്നും ചെന്നിത്തല പറഞ്ഞു. ആ പാഠം സുധാകരനുമുണ്ടാകട്ടെയെന്ന ചെന്നിത്തലയുടെ വാക്കുകള്‍ കൈയടികളോടെയാണ് പ്രവര്‍ത്തകരും നേതാക്കളും സ്വീകരിച്ചത്.
കെ. സുധാകരനെതിരെയുള്ള വാര്‍ത്ത കണ്ടപ്പോള്‍ വേദന തോന്നിയെന്നും ചെന്നിത്തല പറഞ്ഞു.
‘അപ്പോഴാണ് പ്രസ്താവന കൊടുക്കണമെന്ന് തോന്നിയത്. കാരണം, തന്നെക്കുറിച്ച് പറഞ്ഞപ്പോള്‍ ആരും പ്രസ്താവന ഇറക്കാത്ത വേദന അന്ന് മനസിലാക്കിയിരുന്നു. ഓര്‍മവച്ച നാള്‍ മുതല്‍ കോണ്‍ഗ്രസുകാരനായ തനിക്കെതിരെ എതിരാളികള്‍ പറഞ്ഞപ്പോള്‍ പല സ്‌നേഹിതരും എതിരാളികളെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടു. ആ മനോവികാരം കണ്ടാണ് കെ.സുധാകരനുവേണ്ടി ഞാന്‍ പോസ്റ്റിട്ടത്,’ ചെന്നിത്തല പറഞ്ഞു.
അതായിരിക്കണം പാര്‍ട്ടിയുടെ വികാരം. കെ. സുധാകരന്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവാണ്. അദ്ദേഹത്തിനെതിരെ അമ്പെയ്താല്‍ നമുക്കെല്ലാവര്‍ക്കും കൊള്ളുമെന്ന തോന്നല്‍ വേണം. അല്ലാതെ അദ്ദേഹത്തിനല്ലേ കൊണ്ടത് എന്നു ചിന്തിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്ന് ഓര്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി ഓടുപൊളിച്ചു വന്നയാളല്ലെന്നും പാര്‍ട്ടിക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചയാളാണെന്നും അദ്ദേഹം പറഞ്ഞു.