| Tuesday, 28th July 2020, 12:27 pm

സ്ഥലം കണ്ടെത്തുന്നതിന് മുന്‍പ് കണ്‍സള്‍ട്ടന്‍സി; അഴിമതിക്ക് നടപടി നേരിട്ട കമ്പനിക്ക് 4.6 കോടിക്ക് ശബരിമല വിമാനത്താവളത്തിന്റെ കരാര്‍ ഏല്‍പ്പിച്ചത് ദുരൂഹമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും ധൂര്‍ത്തിന്റെയും കൊള്ളയുെടയും ഉറവിടമായിട്ട് സംസ്ഥാന സര്‍ക്കാറും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുടെ കൂടാരമായി സര്‍ക്കാര്‍ മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇ.പി ജയരാജന്റെ ബന്ധു നിയമനവുമായി ബന്ധപ്പെട്ടാണ് താന്‍ ആദ്യം അഴിമതി ആരോപണം ഉന്നയിച്ചതെന്നും ആ ബന്ധുനിയമനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് രാജിവെച്ച് പോകേണ്ടി വന്നെന്നും ചെന്നിത്തല പറഞ്ഞു.

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് തന്റെ വകുപ്പ് ഭരിക്കാന്‍ കഴിവില്ല എന്ന് തെളിയിച്ച സംഭവമായിരുന്നു പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ഗുരുതരമായ അഴിമതിയെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതിയെ മൂടിവെക്കാനും ഡി.ജി.പി യെ സംരക്ഷിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ നടന്ന ഒരു അഴിമതിയായിട്ടുവേണം ഇതിനെ വിലയിരുത്താന്‍. എന്തുകൊണ്ട് ഈ അഴിമതി നടത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രി ഭരിച്ച വകുപ്പുകളിലെല്ലാം വ്യാപകമായ അഴിമതിയും സ്വജനപക്ഷാപാതവും കൊള്ളയുമാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഐ.ടി വകുപ്പിലാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും അധികം അഴിമതി നടന്നിട്ടുള്ളതെന്നും ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂയിസ് ബര്‍ഗര്‍ എന്ന കമ്പനിയെയാണ് ശബരിമല വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്‍സി കരാര്‍ ഏല്‍പ്പിച്ചത്. 4.6 കോടിക്ക് കരാര്‍ ഉറപ്പിച്ച കണ്‍സള്‍ട്ടന്‍സിക്ക് സ്ഥലം പോലും കാണാന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തിനുള്ള സ്ഥലം പോലും കണ്ടെത്തും മുന്‍പ് എന്തിനാണ് കണ്‍സള്‍ട്ടന്‍സി എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അഴിമതിക്ക് വേള്‍ഡ് ബാങ്ക് നടപടി നേരിട്ട കമ്പനിയാണ്. കെടുകാര്യസ്ഥതക്കും അഴിമതിക്കും വിവിധ നടപടികളും അന്വേഷണവും നേരിട്ട കമ്പനിയെ ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന്റെ കണ്‍സള്‍ട്ടന്‍സി ഏല്‍പ്പിച്ചത് ദുരൂഹതയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more