| Saturday, 18th August 2018, 11:22 am

മുഖ്യമന്ത്രി ദുരഭിമാനം കാണിക്കേണ്ട സമയമല്ല; രക്ഷാപ്രവര്‍ത്തനത്തിനാണ് സൈന്യത്തിന്റെ സഹായം, അല്ലാതെ പട്ടാള ഭരണത്തിനല്ല: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സൈന്യത്തെ ഏര്‍പ്പെടുത്താത്തത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്ത് നിന്ന് വന്‍ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഇന്ന് രാവിലെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ വിമര്‍ശനങ്ങളുമായി ചെന്നിത്തല രംഗത്തെത്തിയത്.

“പ്രളയക്കെടുതി ദുരിതങ്ങള്‍ തുടങ്ങിയ സമയത്ത് തന്നെ സൈന്യത്തെ കൂടുതല്‍ വിന്യസിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. കളക്ടര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പരിഹരിക്കാന്‍ കഴിയുന്നതല്ല സംസ്ഥാനത്തെ സ്ഥിതിയെന്ന് നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നു”- ചെന്നിത്തല പറഞ്ഞു.


ALSO READ: PM’s aerial survey cancelled, airlift faces hindrance after climate worsens


സൈന്യത്തെ ദുരന്തനിവാരണത്തിനായി ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളി. അദ്ദേഹത്തിന്റെ ദുരഭിമാനം മാറ്റിവെയ്‌ക്കേണ്ട സമയമാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെയ്ക്കാനാണ് ശ്രമിക്കുന്നത്. സേനയെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമാണെന്ന് ജനങ്ങള്‍ തന്നെയാണ് ആവശ്യപ്പെടുന്നത്.

സേനയെ രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കണമെന്നതിനര്‍ഥം പട്ടാളഭരണം ഏര്‍പ്പെടുത്തണമെന്നല്ല അര്‍ത്ഥം. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സൈനികസേവനം ഉള്‍പ്പെടുത്തണം എന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായിയുടെ ദുരഭിമാനം കാണിക്കേണ്ട സമയമല്ല ഇത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ രക്ഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ ആവശ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more