| Monday, 31st January 2022, 9:53 pm

ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടി ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്നതില്‍ ഉദാത്തമായ മാതൃകയാണ് വാവ സുരേഷ്; പ്രാര്‍ത്ഥനയുമായി രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാമ്പുപിടുത്തക്കാരന്‍ വാവ സുരേഷിനെ പാമ്പുകടിച്ചതില്‍ പ്രാര്‍ത്ഥനയുമായി രമേശ് ചെന്നിത്തല എം.എല്‍.എ. വാവ സുരേഷിനെ പാമ്പു കടിച്ച വിവരം ഏറെ വേദനയോടെയാണ് അറിഞ്ഞതെന്നും, ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും സുരേഷിനൊപ്പം ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘പ്രിയപ്പെട്ട വാവ സുരേഷിന് കോട്ടയം കുറിച്ചിയില്‍ വെച്ച് പാമ്പ് കടിയേറ്റത് വളരെ വേദനയോടെയാണ് അറിഞ്ഞത്. കേരളത്തില്‍ എവിടെയും ഒരു ഫോണ്‍ കോളിലൂടെ ഓടിയെത്തി ഉഗ്രവിഷമുള്ള പാമ്പുകളെ പിടികൂടി ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്നതില്‍ ഉദാത്തമായ മാതൃകയാണ് വാവ സുരേഷ്.

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും സുരേഷിന്റെ കൂടെയുണ്ട്. അദ്ദേഹം എത്രയും വേഗം സുഖമായി തിരിച്ചെത്തുവാന്‍ പ്രാര്‍ത്ഥിക്കുന്നു. നിസ്തുലമായ സേവനം ഇനിയും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ,’ ചെന്നിത്തല കുറിച്ചു.

തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്.

കോട്ടയം ചങ്ങനാശേരിക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്ത് നിന്നാണ്അപകടം ഉണ്ടായത്. പാമ്പുകടിയേറ്റ വാവ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വാവ സുരേഷിന്റെ കാലിന്റെ തുടയിലാണ് കടിയേറ്റത്. നിലവില്‍ വാവ സുരേഷ് വെന്റിലേറ്ററിലാണ്.മന്ത്രി വി എന്‍ വാസവന്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

പിടികൂടിയ പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് വാവ സുരേഷിന്റെ കാലില്‍ കടിച്ചത്. വലത് കാലിന്റെ തുടയിലാണ് കടിയേറ്റത്. ഇതോടെ വാവ സുരേഷ് പാമ്പിന്റെ പിടി വിടുകയും ചെയ്തു.

അതേസമയം, പാമ്പുകടിയേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയിട്ടുണ്ടെന്നും, എന്നാല്‍ വാവ സുരേഷ് അപകടനില തരണം ചെയ്തു എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ വാവ സുരേഷിന് പാമ്പ് കടിയേറ്റപ്പോഴും ഇദ്ദേഹത്തിന്റെ അശാസ്ത്രീയമായ പാമ്പ് പിടുത്ത രീതികള്‍ക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്. സര്‍ക്കാര്‍ ഇടപെട്ട് ഇത്തരം അശാസ്ത്രീയമായ പാമ്പ് പിടുത്ത രീതികള്‍ വിലക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

Content Highlight: Ramesh Chennithala pray for the good health of snake catcher Vava Suresh

We use cookies to give you the best possible experience. Learn more