കോഴിക്കോട്: സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ വേട്ടയാടപ്പെടുന്നുവെന്ന സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. നേരത്തെ വിഷയത്തില്‍ ഇടപെട്ടു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയതിന് സമാനമായ ഇടപെടലാണ് ചെന്നിത്തലയുടെ ഭാഗത്തു നിന്നുമുണ്ടായിരിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ മനസിലാക്കാനായി ഇംഗ്ലീഷിലും ഹിന്ദിയിലുമായിരുന്നു മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇപ്പോഴിതാ രമേശ് ചെന്നിത്തലയും ഇംഗ്ലീഷിലും ഹിന്ദിയിലുമായി പോസ്റ്റിട്ടിരിക്കുകയാണ്.
എന്റെ ബംഗാളി സഹോദരന്മാരോട് ഒരപേക്ഷ എന്നു പറഞ്ഞു കൊണ്ടാണ് ചെന്നിത്തലയുടെ പോസ്റ്റ് ആരംഭിക്കുന്നത്. കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്നത് കേവല പരസ്യവാക്യമല്ലെന്നും ഇവിടെ എല്ലാവരും സാഹോദര്യത്തോടെയും ജാതി-മത-വര്‍ഗ വിവേചനമില്ലാതെയുമാണ് ജീവിക്കുന്നതെന്ന് ചെന്നിത്തല പറയുന്നു.
Also Read: ‘ഇതാ… ഇന്ത്യ വരുന്നു’; മക്കാവുവിനെ നാലുഗോളിന് തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പിന്
സോഷ്യല്‍ മീഡിയയിലൂടെ ബംഗാളികള്‍ക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വേദനാജനകമാണെന്നും ബംഗാളില്‍ നിന്നുമുള്ള തന്റെ എല്ലാ സഹോദരി-സഹോദരന്മാരോടും ഭയപ്പെടുകയോ ആശങ്കപ്പെടുകയോ വേണ്ട എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം കുറിക്കുന്നു.
വിഷയത്തില്‍ ഉടനെ ഇടപെടണമെന്ന് സര്‍ക്കാരിനോട ആവശ്യപ്പെടുന്ന ചെന്നിത്തല വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും കേരളം വിടരുതെന്നും ഇതര സംസ്ഥാന തൊഴിലാളികളോടും അഭ്യര്‍ത്ഥിക്കുന്നുണ്ട്. പ്രശ്‌നത്തില്‍ സൈബര്‍ സെല്ലി്‌ന്റെ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറയുന്നു. ഇത്തരം വ്യാജ പ്രചരണം സഹിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ക്കുന്നു.
ബംഗാളി സഹോദരന്മാര്‍ക്കൊപ്പം മലയാളികള്‍ പൂര്‍ണ്ണ പിന്തുണയുമായുണ്ടെന്നും സാഹോദര്യം നിലനിര്‍ത്താന്‍ മലയാളികള്‍ എന്നും ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു.