|

'മേഴ്‌സിക്കുട്ടിയമ്മക്കെതിരായ അഴിമതിക്ക് തെളിവുണ്ട്'; ഫോട്ടോ ഉയര്‍ത്തിക്കാട്ടി ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അമേരിക്കയിലെ വന്‍കിട കുത്തക കമ്പനിക്ക് കേരള തീരം തുറന്നുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നും 5000 കോടിയുടെ കരാര്‍ കഴിഞ്ഞ ആഴ്ച കേരള സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി ഇന്റര്‍നാഷണലുമായി ഒപ്പിട്ടവെന്നുമുള്ള ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കതിരായ ആരോപണത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഒന്നും അറിയില്ലെന്ന് പറയുന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കള്ളി വെളിച്ചത്തായപ്പോള്‍ ഉരുണ്ട് കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യവകുപ്പിന്റെ മന്ത്രി താന്‍ ഒന്നും അറിഞ്ഞില്ല, കണ്ടില്ല, ഇങ്ങനെയൊരു പദ്ധതിയില്ല എന്നാണ് പറഞ്ഞത്. 2018ല്‍ ന്യൂയോര്‍ക്കില്‍ പോയിരുന്നെങ്കിലും അത് യു.എന്‍ പരിപാടിക്കാണെന്നും വേറെ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ആണ് മന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ ഇ.എം.സിസിയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റും മന്ത്രിയുമായി സംസാരിച്ചു എന്നാണ് പറഞ്ഞത്. അപ്പോള്‍ ആരാണ് കളവ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

കള്ളിവെളിച്ചത്തായപ്പോള്‍ രക്ഷപ്പെടാന് വേണ്ടി ഉരുണ്ട് കളിക്കുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി ഇവരുമായി ചര്‍ച്ച നടത്തി എന്നതിനും വ്യവസായമന്ത്രി ഇ. പി ജയരാജന് ഈ പദ്ധതിയെക്കുറിച്ച് അറിയാമായിരുന്നു എന്നതിനും സംസാരിക്കുന്ന തെളിവുകളുണ്ടെന്ന് പറഞ്ഞ ചെന്നിത്തല ഒരു ഫോട്ടോയും കാണിക്കുന്നുണ്ട്.

മെഴ്‌സിക്കുട്ടിയമ്മയുമായി ഈ കമ്പനിയുടെ ഉടമസ്ഥന്‍ ഷിജു വര്‍ഗീസ് ചര്‍ച്ച നടത്തുന്നതിന്റെ ചിത്രമാണിതെന്നാണ് ചെന്നിത്തല അവകാശപ്പെട്ടത്.

ഇവരെ അറിയില്ലെന്ന് പറയുന്ന മന്ത്രി ഈ ചര്‍ച്ച നടത്തിയതെന്തിനാണെന്ന് വ്യക്തമാക്കണം. മേഴ്‌സിക്കുട്ടിയമ്മയുമായി ഈ പദ്ധതിയെക്കുറിച്ച് സംസാരിച്ചു. അത് ചര്‍ച്ച ചെയ്യുന്നതിനായി മേഴ്‌സിക്കുട്ടിയമ്മ തങ്ങളെ കേരളത്തിലേക്ക് ക്ഷണിച്ചതായി ഇ.എം.സി.സി മന്ത്രി ഇ. പി ജയരാജന് നല്‍കിയ കത്തില്‍ പരമാര്‍ശിക്കുന്നെണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയത്. എന്നാല്‍ ഇതിന് പിന്നാലെ ചെന്നിത്തലയുടെ ആരോപണം തള്ളി ഫിഷറീസ് മന്ത്രി തന്നെ രംഗത്ത് വരികയും ചെയ്തു.

പ്രതിപക്ഷ നേതാവിന്റെ ആരോപണം തികച്ചും അസംബന്ധമാണെന്നും ഒരാളെയും കാണുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും എന്ത് കരാറിനെ കുറിച്ചാണ് ചെന്നിത്തല പറയുന്നതെന്നുമാണ് മേഴ്സിക്കുട്ടിയമ്മ ചോദിച്ചത്.

പ്രതിപക്ഷ നേതാവ് അസംബന്ധം വിളിച്ചു പറയുകയാണ്. ഇത്തരത്തിലൊരു കമ്പനിക്ക് റജിസ്ട്രേഷനോ അനുമതികളോ നല്‍കിയിട്ടില്ല. ഫിഷറീസ് വകുപ്പ് അറിയാതെ ഇത്തരത്തിലൊരു കരാര്‍ ഉണ്ടാകില്ല. പ്രതിപക്ഷനേതാവ് മുങ്ങി ചാകാന്‍ പോകുമ്പോള്‍ എവിടെയെങ്കിലും പിടിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയാണ്. ചെന്നിത്തലയ്ക്ക് എന്തുതരം മാനസികാവസ്ഥയാണെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.

‘എന്ത് കരാര്‍, ഏത് ഉത്തരവ്, ആര് ഒപ്പിട്ടു ചെന്നിത്തലയുടെ ആരോപണത്തെ കുറിച്ച് എനിക്ക് ധാരണയില്ല. അസന്റ് കേരളയില്‍ എന്ത് ചര്‍ച്ചയ്ക്ക് വന്നുവെന്ന് അറിയില്ല. അതില്‍ താനില്ല. വ്യവസായ വകുപ്പുമായി കരാറിലേര്‍പ്പെട്ടോ എന്നത് പ്രശ്‌നമല്ല.

ആഴക്കടല്‍ മല്‍സ്യ ബന്ധനത്തിന് അനുമതി നല്‍കേണ്ടത് ഫിഷറീസ് വകുപ്പാണ്. എന്നാല്‍ ഫിഷറീസ് വകുപ്പിന്റെ മുന്നില്‍ ഇത്തരമൊരു അപേക്ഷയില്ല. വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കുന്ന പ്രശ്‌നമില്ല,’ എന്നുമാണ് മന്ത്രി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് തെളിവുകളുമായി ചെന്നിത്തല വീണ്ടും മന്ത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala out evidence against Mercykkuttiyamma in corruption allegation

Video Stories