തിരുവനന്തപുരം: കേരളത്തിലെ കടല്‍ തന്നെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അന്താരാഷ്ട്ര കമ്പനിക്ക് അനുമതി നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിലെ കടല്‍ തന്നെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയും കേരളത്തിന്റെ മത്സ്യ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്യാനുള്ള വന്‍ ഗൂഢാലോചനയാണ് ഇതിന്റെ പിന്നില്‍ നടന്നതെന്ന് വ്യക്തമാണ്.
പ്രതിപക്ഷം ഇത് കണ്ടു പിടിച്ചില്ലായിരുന്നെങ്കില്‍ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങി നടപടികളുമായി കമ്പനി മുന്നോട്ട് പോകുമായിരുന്നു.
കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രമൊന്നുമല്ല ഇതിന് പിന്നിലുള്ളത്. അവര്‍ മാത്രം വിചാരിച്ചാല്‍ നടപ്പാക്കാന്‍ കഴിയുന്ന ഒരു കരാറല്ല ഇത്. യഥാര്‍ത്ഥ പ്രതികള്‍ മന്ത്രിമാരും മുഖ്യമന്ത്രിയുമാണ്,’ ചെന്നിത്തല പറഞ്ഞു.
ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും വ്യവസായ മന്ത്രി ഇ. പി ജയരാജനും പ്രധാനപ്രതികളാണ്. മുഖ്യമന്ത്രിക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നു.
കേരളത്തിന്റെ താത്പര്യങ്ങളെ പരിപൂര്‍ണമായി തകര്‍ത്ത്, അമേരിക്കന്‍ കുത്തക കമ്പനിയെ സഹായിക്കാന്‍ അവര്‍ നടത്തിയ നീക്കങ്ങള്‍ ഗൗരവതരമാണെന്നും അദ്ദേഹം ആരോപിച്ചു.
പദ്ധതിക്ക് പിന്നില്‍ അടിമുടി ദുരൂഹതയാണുള്ളത്. സര്‍ക്കാര്‍ എല്ലാം മറച്ചുവെക്കാന്‍ ശ്രമിച്ചു. കൊച്ചിയില്‍ നടന്ന അസന്റ് എന്ന വ്യവസായ നിക്ഷേപ സമ്മേളനം നടന്നത് 2020 ജനുവരി 9, 10 തിയ്യതികളിലാണ്. പക്ഷെ ഇ.എം.സി.സിയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത് 28. 2. 2020നാണ്.
അതായത് അസന്റ് കഴിഞ്ഞ് 48 മദിവസങ്ങള്‍ക്ക് ശേഷം കരാറില്‍ ഒപ്പിട്ടു. ഇ.എം.സി.സിയുടെ പദ്ധതി വിശദമായി പരിശോധിച്ച് ചര്‍ച്ച നടത്തി ഡീല്‍ പറഞ്ഞുറപ്പിച്ച ശേഷമാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തും പുറത്ത് ചെന്നിത്തല പുറത്ത് വിട്ടിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന് ഒരു കത്ത് സംസ്ഥാനം നല്‍കിയിട്ടുണ്ട്. ആ കത്താണ് ഞാന്‍ ഇപ്പോള്‍ പുറത്ത് വിടുന്നത്. 3.10.2019ല്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പ്രിന്‍സിപല്‍ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍ കേന്ദ്ര വിദേശകാര്യ ജോയിന്‍ സെക്രട്ടറിക്ക് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കത്തെഴുതി.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായിട്ടുള്ള ഇ.എം.സി.സി ഗ്ലോബല്‍ കണ്‍സോര്‍ഷ്യത്തിന്റെ സബ്‌സിഡ്യറി കമ്പനിയായ ഇ.എം.സി.സി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആഴക്കടല്‍ മത്സ്യ ബന്ധനം പരിപോഷിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കണ്‍സപ്റ്റ് ലെറ്റര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ഈ കമ്പനിയുടെ ക്രഡന്‍ഷ്യല്‍സ് അന്വേഷിച്ച് അറിയിക്കണമെന്നുമാണ് സെക്രട്ടറി ജ്യോതിലാല്‍ 3.10.2019 കേന്ദ്ര വിദേശ കാര്യവകുപ്പിന് കത്ത് അയച്ചെന്നാണ് ചെന്നിത്തല പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക