തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് താന്‍ പറഞ്ഞു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും പൂര്‍ണ്ണമായും വാസ്തവ വിരുദ്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് ഘട്ടത്തിലായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആരോ പറഞ്ഞത് കേട്ടിട്ടോ, ബോധപൂര്‍വ്വമോ താന്‍ പറയാത്ത കാര്യം പറഞ്ഞെന്ന് പറഞ്ഞു പരിഹസിക്കുന്നത് മുഖ്യമന്ത്രി എന്ന ഉന്നത പദവിയിലിരിക്കുന്നയാള്‍ക്ക് ചേര്‍ന്നതല്ല. അദ്ദേഹം ഇത്രയും തരം താഴരുത്,’ ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണ്ണ മനസ്സോടെ പ്രതിപക്ഷം സഹകരിക്കുമെന്നാണ് താന്‍വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. അത് പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അന്ധമായ പ്രതിപക്ഷ വിരോധം കാരണമാണ് മുഖ്യമന്ത്രി അവാസ്തവമായ കാര്യങ്ങള്‍ പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വാക്‌സിന്‍ ചലഞ്ചിന് പ്രതിപക്ഷ നേതാവും കേന്ദ്രസഹമന്ത്രി വി. മുരളീധരനും എതിരാണല്ലോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചെന്നിത്തല നേരത്തെ ആഹ്വാനം ചെയ്തിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിനും ആരോഗ്യവകുപ്പിനും പൂര്‍ണ പിന്തുണ നല്‍കാമെന്ന് യു.ഡി.എഫിലെ ഘടകകക്ഷികളും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി കെ.പി.സി.സി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ പൂര്‍ണമായും സൗജന്യമായി നല്‍കണമെന്നും വാക്സിന്‍ നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുളള പണം വകയിരുത്തിയിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും അേദ്ദഹം പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയപാര്‍ട്ടികളേയും സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും വെറുതെ ബഡായി അടിക്കുന്നവരായി സര്‍ക്കാര്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ അവസരത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷയെന്നും ജനങ്ങളെല്ലാവരും കൊവിഡിനെതിരെ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. എന്നാല്‍, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highilight: Ramesh Chennithala on Vaccine Challenge CMDRF Pinaray Vijayan