Advertisement
sprinklr
തെളിവില്ലാത്ത ഒരാരോപണവും ഉന്നയിച്ചിട്ടില്ല; കള്ളം പുറത്തായതിന്റെ ജാള്യതയാണ് മുഖ്യമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 21, 07:26 am
Tuesday, 21st April 2020, 12:56 pm

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് തെളിവില്ലാത്ത ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രതിരോധത്തിന് എന്ന പേരില്‍ ഡാറ്റാ, സ്പ്രിംക്ലര്‍ കമ്പനിക്ക് കൈമാറാനുള്ള കരാറില്‍ മുഖ്യമന്ത്രിയുടെ കള്ളം പുറത്തുവരികയാണെന്നും ചെന്നിത്തല പറഞ്ഞു.

‘കള്ളം പുറത്തായതിന്റെ ജാള്യതയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോഴുള്ളത്. അതാണ് ഇപ്പോള്‍ പിണറായി വിജയനില്‍ നിന്ന് പുറത്ത് വരുന്നത്’

മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും പറഞ്ഞ കാര്യങ്ങളില്‍ ദുരൂഹത തുടരുകയാണ്. അസാധാരണമായ സാഹചര്യത്തിലെ അസാധാരണമായ കൊള്ളയാണിത്. എന്നിട്ടും തെളിവ് കൊണ്ടു വാ എന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലത്ത് 25 ദിവസമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയത്. ഒരു ദിവസം പോലും ഡാറ്റാ കൈമാറ്റത്തെ കുറിച്ചോ സ്പ്രിംക്ലറുമായുള്ള കരാറിനെ കുറിച്ചോ മുഖ്യമന്ത്രി പറയാത്തത് കള്ളം മറച്ചുവക്കാനുള്ളത് കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്പ്രിംക്ലര്‍ കരാറിനെ കുറിച്ച് വാര്‍ത്താസമ്മേളനം നടത്തി പുറത്ത് പറയും വരെ ഒരാള്‍ക്കും ഒന്നുമറിയില്ലായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

സ്പ്രിംക്ലര്‍ കമ്പനിയുമായി അമേരിക്കന്‍ സന്ദര്‍ശനത്തിടെ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. 2 വര്‍ഷമായി ഈ കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് ഐ.ടി സെക്രട്ടറി പറഞ്ഞത്.

മുഖ്യമന്ത്രി പറഞ്ഞത് പ്രവാസിയുടെ സൗജന്യ സേവനം കൊവിഡ് കാലത്ത് സ്വീകരിച്ചു എന്നാണ്. രണ്ടിലും വൈരുദ്ധ്യമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: