തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്നാണ് യു.ഡി.എഫ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എന്താണ് സര്‍ക്കാറിന് പറയാനുള്ളതെന്ന് കേള്‍ക്കട്ടെ. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എന്ത് പുതിയ നിര്‍ദേശമാണുണ്ടാവുന്നതെന്ന് അറിയട്ടേ. ഞങ്ങളുടെ നേരത്തെയുള്ള നിലപാടില്‍ ഒരു മാറ്റവുമില്ല. യുവതികളെ അവിടെ പ്രവേശിപ്പിക്കുന്ന നടപടിയോട് ഞങ്ങള്‍ക്കൊരു യോജിപ്പുമില്ല എന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ഞങ്ങള്‍ നേരത്തെ പറഞ്ഞത്. ” ചെന്നിത്തല പറഞ്ഞു.
ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന അക്രമവും അസമാധാന അന്തരീക്ഷവും ഒഴിവാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്യാന്‍ കഴിഞ്ഞദിവസം കോടതി വിസമ്മതിച്ചിരുന്നു. അതിനാല്‍ മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. ഈ സാഹചര്യത്തിലാണ് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി ശബരിമലയില്‍ എത്താനുള്ള അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്.
മണ്ഡലകാലം തുടങ്ങാനിരിക്കെ കനത്ത സുരക്ഷയാണ് ശബരിമലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പമ്പയിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ പൊലീസ് അടക്കമുള്ളവരെ പമ്പയില്‍ വിന്യസിച്ചിട്ടുണ്ട്.
Also Read:ഖഷോഗ്ജി കൊലപാതകം മൂടിവെക്കാന്‍ ട്രംപ് സൗദിയെ സഹായിക്കുന്നതായി മുന്‍ സി.ഐ.എ ഓഫീസര്‍
ഭരണഘടനാപരമായ ബാധ്യതയില്‍ നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു.