എം.വി. ഗോവിന്ദന്‍ ബി.ജെ.പി ഏജന്റിനെപ്പോലെ: രമേശ് ചെന്നിത്തല
Kerala News
എം.വി. ഗോവിന്ദന്‍ ബി.ജെ.പി ഏജന്റിനെപ്പോലെ: രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st October 2023, 6:43 pm

തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നതെല്ലാം യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണെന്നും കൃഷ്ണന്‍കുട്ടിയെ പുറത്താക്കാത്തത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച എം.വി ഗോവിന്ദന്‍ ബി.ജെ.പി ഏജന്റിനെ പോലെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

‘ ബി.ജെ.പി.യുടെ ഘടകകക്ഷിയായ ജെ.ഡി.എസ് അംഗം കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നതിന് ന്യായീകരിച്ച ഗോവിന്ദന്‍ മാഷ് ബി.ജെ.പിയുടെ ഏജന്റിനെ പോലെയാണ് സംസാരിക്കുന്നത്.

സംസ്ഥാന നേതൃത്വം ഞങ്ങള്‍ ദേവഗൗഡയ്ക്ക് ഒപ്പം അല്ല എന്ന് പറഞ്ഞാല്‍ തീരുന്ന കാര്യമാണോ ഇത്? ദേശീയ പ്രസിഡന്റ് ദേവഗൗഡ വിപ്പ് നല്‍കിയാല്‍ അംഗീകരിച്ചല്ലേ മതിയാകൂ. അപ്പോള്‍ പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് ഇടതുപക്ഷ പാര്‍ട്ടിയിലും മന്ത്രിസഭയിലും തുടരാന്‍ സാധിക്കുക.

ഗോവിന്ദന്‍ മാഷിന്റെ ന്യായീകരണം കേട്ടാല്‍ തോന്നും സി.പി.എമ്മും ബി.ജെ.പിയുടെ ഘടകകക്ഷിയാണെന്ന്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വേണ്ടതുള്ളൂ. യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് പാര്‍ട്ടി സെക്രട്ടറി പറയുന്നത്.

ദേവഗൗഡയുടെ വെളിപ്പെടുത്തലോടെ പിണറായി വിജയനെ ബി.ജെ.പിയുമായുള്ള അന്തര്‍ധാര എത്രത്തോളം സജീവമാണെന്ന് വ്യക്തമാണ്. ഇതിലൂടെ രണ്ടാം പിണറായി സര്‍ക്കാറിന് ലഭിച്ച ബി.ജെ.പി വോട്ട് പാര്‍ലമെന്റ് ഇലക്ഷനിലും ലഭിക്കുമെന്ന് ആത്മവിശ്വാസം തന്നെയാണുള്ളത്.

ഇതിന്റെ നീക്ക് പോക്ക് സജീവമായി തുടരുന്നതിനാലാണ് ഔദ്യോഗികമായി ബി.ജെ.പിയുടെ ഭാഗമായ കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തതിനു പിന്നിലും. കൃഷ്ണന്‍കുട്ടിയെ പുറത്താക്കാത്തത് അധാര്‍മിക നടപടിയാണ്’. ചെന്നിത്തല പറഞ്ഞു

Content Highlight: Ramesh chennithala on M.V Govindan statement