പന്തീരങ്കാവ് യു.എ.പി.എ കേസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയില്‍മോചിതരായ അലനെയും താഹയെയും സന്ദര്‍ശിച്ച യു.ഡി.എഫ് നേതാക്കള്‍ താഹയ്ക്ക് വീടുവെയ്ക്കുന്നതിനായി അഞ്ച് ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് അലന്‍ താഹ വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ ഇടപെട്ടതെന്ന്, പിണറായി സര്‍ക്കാറിന്റെ കാലത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന പൊലീസ് ഭീകരതയെക്കുറിച്ചുള്ള വിശദീകരണങ്ങളിലൂടെ ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അഭിമുഖം: രമേശ് ചെന്നിത്തല / ഷഫീഖ് താമരശ്ശേരി
അലനെയും താഹയെയും നേരില്‍ ചെന്ന് കാണാനുണ്ടായ സാഹചര്യം?
അലന്‍ താഹ വിഷയത്തില്‍ കേരളത്തിലെ പ്രതിപക്ഷം നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയായി മാത്രമാണ് ഇപ്പോള്‍ അവരെ നേരില്‍ കണ്ടത്. ഇരുവരുടെയും അറസ്റ്റ് നടന്നതിന് ശേഷം പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ കൂടെ ഞാന്‍ അവരുടെ വീട്ടില്‍ പോയിരുന്നു. എം.കെ മുനീറിന്റെ മണ്ഡലം കൂടിയാണത്. ഈ കുട്ടികള്‍ രണ്ട് പേരും യു.എ.പി.എ പ്രകാരമുള്ള കുറ്റം ചെയ്യാന്‍ സാധ്യതയുള്ളവരല്ല എന്ന് അന്നുതന്നെ എനിക്ക് ബോധ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഇരുവരുടെയും പ്രശ്നത്തില്‍ ഞങ്ങള്‍ ശക്തമായി നിലകൊണ്ടതും നിയമസഭയില്‍ അടിയന്തര പ്രമേയത്തിലൂടെ വിഷയം ഉന്നയിച്ചതും. കേസ്സിന്റെ എല്ലാ ഘട്ടത്തിലും ഇരുവര്‍ക്കും വേണ്ടി ഞങ്ങള്‍ നിലകൊണ്ടിട്ടുണ്ട്.
ഇരു വിദ്യാര്‍ത്ഥികള്‍ക്കും മാവോയിസ്റ്റുകളുമായി ഒരു ബന്ധവുമില്ല എന്ന ഞങ്ങളുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണത്. ഞങ്ങളുടെ നിഗമനം ശരിയായിരുന്നവെന്ന് പിന്നീട് കോടതി കൂടി തെളിയിച്ചിരിക്കുകയാണ്. അലന്‍ താഹ കേസ്സിലെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതി നടത്തിയത് വാസ്തവത്തില്‍ ഒരു വിധി പ്രസ്താവം കൂടിയാണ്. അങ്ങനെയാണ് അവര്‍ക്ക് ജാമ്യം കിട്ടിയത്.
ജാമ്യം ലഭിച്ചതിന് ശേഷം അവരുടെ വീട്ടില്‍ ചെല്ലാം എന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അവരെ ചെന്നുകാണാന്‍ തീരുമാനിച്ചത്. അവരുടെ ബന്ധുക്കള്‍ ഇടയ്ക്ക് ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. കൊവിഡ് സാഹചര്യമായതിനാല്‍ കോഴിക്കോട് ജില്ലയിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ ശ്രീ. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ മണ്ഡല സന്ദര്‍ശനത്തിന് വരുന്നതുകൊണ്ട് അദ്ദേഹത്തെ സ്വീകരിക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പോയതാണ്. അപ്പോഴാണ് കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, സ്ഥലം എം.പി എം.കെ രാഘവന്‍ എന്നിവരോടൊപ്പം ഞാന്‍ താഹയുടെ വീട്ടില്‍ പോയത്. അലനും പിതാവ് ഷുഹൈബും അവിടേക്ക് എത്തുകയായിരുന്നു.
താഹയും അലനും
ഇരുവരെയും കണ്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. അവര്‍ രണ്ടുപേരും ചെറിയ പ്രായത്തിലുള്ളവരാണ്. അന്യായമായി ഈ കേസ്സില്‍ കുടുങ്ങി അവരുടെ ഭാവി നശിച്ചുപോകരുത് എന്നുള്ളതുകൊണ്ടാണ് തുടക്കം മുതല്‍ ഞങ്ങള്‍ ഈ കേസ്സില്‍ അവരുടെ കൂടെ നിന്നത്.
താഹയുടെ കുടുംബ പശ്ചാത്തലം വളരെ പ്രയാസം നിറഞ്ഞതാണ്. അവിടുത്തെ വാര്‍ഡ് മെമ്പര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഞങ്ങള്‍ താഹയ്ക്ക് ഒരു വീട് വെച്ചുകൊടുക്കാന്‍ തീരുമാനിച്ചത്. എന്തെങ്കിലും രാഷ്ട്രീയ നേട്ടങ്ങള്‍ കണ്ടുകൊണ്ടല്ല ഞങ്ങള്‍ ഇത്തരമൊരു തീരുമാനം എടുത്തത്. ഇരുവരും ഇടതുപക്ഷ പ്രവര്‍ത്തകരാണ്. എങ്ങിനെ അവരുടെ കുടുബത്തെ സഹായിക്കാം എന്ന ആലോചനയുടെ ഭാഗമായി കെ.പി.സി.സി പ്രസിഡണ്ട് അഞ്ച് ലക്ഷം രൂപ താഹയ്ക്ക് വീട് വെച്ചുകൊടുക്കുന്നതിനായുള്ള ഫണ്ടിലേക്ക് അനുവദിക്കുകയായിരുന്നു. ഇരുവരുടെയും വിദ്യാഭ്യാസമടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും സഹായങ്ങളുമായി ഞങ്ങളുണ്ടാകും.
താഹ കുടുംബത്തോടൊപ്പം
കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തടവിലിട്ട രണ്ട് ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് സഹായവും സംരക്ഷണവും നല്‍കി സി.പി.ഐ.എമ്മിന് രാഷ്ട്രീയമായ മറുപടി നല്‍കുകയാണോ പ്രതിപക്ഷം ഇതിലൂടെ ചെയ്യുന്നത്?
ഈ വിഷയം കക്ഷിരാഷ്ട്രീയത്തിനപ്പുറമാണ്. കേരളത്തിലെ മുഖ്യമന്ത്രി ഈ കുട്ടികളെ മാവോയിസ്റ്റുകളെന്ന് മുദ്ര കുത്തുകയും അവരെ പൊതുസമൂഹത്തിന് മുന്നില്‍ അധിക്ഷേപിക്കുകയുമാണ് ചെയ്തിട്ടുള്ളത്. അവരുടെ വാക്കുകളില്‍ നിന്നും മുഖഭാവത്തില്‍ നിന്നും വളരെ നിഷ്‌കളങ്കമായ രണ്ട് ചെറുപ്പകാരായാണ് എനിക്ക് അനുഭവപ്പെട്ടത്. അവര്‍ വെറും ചായ കുടിക്കാന്‍ പോയവരല്ല, മാവോയിസ്റ്റുകള്‍ തന്നെയാണന്ന് മുഖ്യമന്ത്രി എത്ര തവണ പറഞ്ഞു. ഇനിയവര്‍ മാവോയിസ്റ്റ് സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ തന്നെ അവരെ ശരിയായ രീതിയിലേക്ക് കറക്ട് ചെയ്ത് കൊണ്ടുവരികയല്ലേ നാം ചെയ്യേണ്ടത്. അവര്‍ക്ക് വിദ്യാഭ്യാസവും മറ്റും നല്‍കി ശരിയായ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് പകരം തീവ്രവാദികളെന്ന് മുദ്രകുത്തി ജയിലിലടച്ച് അവരുടെ ജീവിതം തന്നെ താറുമാറാക്കാനല്ലേ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. അതൊന്നും ഒരു ശരിയായ നടപടിയല്ല.
പിണറായി വിജയന്‍
എന്തായാലും ഇപ്പോള്‍ അവര്‍ക്ക് ഒരു പുതുജീവന്‍ ലഭിച്ചതായി എനിക്ക് തോന്നുകയാണ്. പൊലീസും നിയമവും അനുശാസിക്കുന്ന എല്ലാ രീതിയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വശംവദരാകണം എന്ന് തന്നെയാണ് ഞങ്ങള്‍ അവരോട് പറഞ്ഞിട്ടുള്ളത്. നിയമത്തിന്റെ വഴിയിലൂടെ തന്നെ പോകണം എന്നാണ് അവരോട് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
അലന്റെയും താഹയുടെയും പ്രതികരണം എങ്ങിനെയായിരുന്നു?
ജയിലിലെ സാഹചര്യങ്ങളെക്കുറിച്ചാണ് അവര്‍ കൂടുതലും എന്നോട് സംസാരിച്ചത്. ജയിലിലെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍, മനുഷ്യാവകാശങ്ങളുടെ ലംഘനം തടുങ്ങിയവ അവസാനിപ്പിക്കുന്നതിനുള്ള ഇടപെടലുകള്‍ ഉണ്ടാവണം എന്നാണ് അവരെന്നോട് ആവശ്യപ്പെട്ടത്. ജയില്‍ എന്നത് ഇന്നത്തെ കാലത്ത് ഒരു കറക്ഷണല്‍ സര്‍വീസ് ആണ്. പ്രിസന്‍സ് ആന്റ് കറക്ഷണല്‍ സര്‍വീസ് എന്നാണ് അതിന്റെ പേര് തന്നെ.
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍
എത്രവലിയ കുറ്റവാളികളാണെങ്കിലും ആളുകളെ മാനസ്സിക പരിവര്‍ത്തനത്തിന് വിധേയരാക്കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നുള്ളതാണ് ഇന്നത്തെ ജയിലിന്റെ ലക്ഷ്യം തന്നെ. പഴയ കാലത്തെ ഇടിമുറികളല്ല ഇന്നത്തെ ജയില്‍ മുറികള്‍. തടവുകാര്‍ക്കും എല്ലാവിധ മനുഷ്യാവകാശങ്ങളുമുണ്ട് എന്ന് സമൂഹത്തിന് ബോധ്യപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നത്. തടവുകാരുടെ പൗരാവകാശത്തെക്കുറിച്ചാണ് അവരെന്നോട് സംസാരിച്ചത്. അവരുടെ ഈ വാക്കുകളില്‍ എനിക്ക് വലിയ സന്തോഷവും പ്രതീക്ഷയും തോന്നി.
മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പൊലീസ് ഇടപെടലുകള്‍ താങ്കള്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താരംഭിച്ച മാവോയിസ്റ്റ് വേട്ടയുടെ തുടര്‍ച്ച മാത്രമാണ് എന്ന ആരോപണങ്ങളുണ്ടല്ലോ?
തീര്‍ച്ചയായും വസ്തുതാവിരുദ്ധമാണത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരിക മാത്രമാണ് ഞാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ചെയ്തിട്ടുള്ളത്. അതേസമയം കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്നവകാശപ്പെടുന്ന പിണറായി വിജയനോ?
എട്ട് മനുഷ്യരെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് വെടിവെച്ച് കൊലപ്പെടുത്തിയിട്ടുള്ളത്. ഒന്നാലിച്ച് നോക്കൂ. ഏതെങ്കിലും ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന് ചെയ്യാന്‍ കഴിയുന്ന കാര്യമാണോ ഇത്. കേരളത്തില്‍ നടന്ന ഈ എട്ട് മാവോയിസ്റ്റ് കൊലപാതകങ്ങളും പരിശോധിച്ചാല്‍ തന്നെ പലതും വ്യാജ ഏറ്റുമുട്ടലാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പല സംഭവങ്ങളിലും വെടിയുതിര്‍ക്കപ്പെട്ടിട്ടുള്ളത് പോയിന്റ് ബ്ലാങ്കില്‍ നിന്നാണ്. മാവോയിസ്റ്റാണെന്ന് കരുതി ജീവനുള്ള മനുഷ്യരെ വെടിവെച്ചുകൊല്ലാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്.
മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മൃതദേഹം പുറത്തേക്ക് കൊണ്ടുവരുന്നു
പിടികിട്ടാപ്പുള്ളികളായിരുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ രൂപേഷിനെയും ഷൈനയെയും അറസ്റ്റ് ചെയ്യുന്നത് ഞാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ്. അന്ന് അറസ്റ്റ് നടക്കാന്‍ പോകുന്ന കാര്യം നേരത്തെ എനിക്കറിയാമായിരുന്നു. ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, കേരള പൊലീസുകള്‍ സംയുക്തമായി നടത്തിയ ഒരു ഓപ്പറേഷനായിരുന്നു അത്.
അന്ന് ഞാന്‍ അവര്‍ക്ക് കൊടുത്ത ഏക നിര്‍ദേശം ഒരു കാരണവാശാലും വെടിവെയ്ക്കരുത് എന്നായിരുന്നു. അവരുടെ ജീവന്‍ അപടകത്തിലാവരുത് എന്നും. അവരെ ജീവനോടെ പിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്ന് വളരെ കര്‍ശനമായി തന്നെ ഞാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതാണ് ആഭ്യന്തരവകുപ്പും ആ ചുമതലയുള്ള മുഖ്യമന്ത്രിയും ചെയ്യേണ്ടത്.
രൂപേഷും ഷൈനയും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍
ഇപ്പോള്‍ വയനാട്ടിലെ വൈത്തിരിയില്‍ പൊലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട സി.പി ജലീലിനുണ്ടായ അനുഭവം നോക്കൂ. അദ്ദേഹത്തിന്റെ പുറത്തും കഴുത്തിന്റെ പിന്‍ഭാഗത്തുമാണ് വെടികൊണ്ടത്. എന്നിട്ടും പൊലീസ് പറയുന്നു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന്. അതെങ്ങിനെ വിശ്വസിക്കാനാകും. ഇവിടെ ജുഡീഷ്യല്‍ അന്വേഷണമെന്നത് ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്.
കേരളം പോലെ ഉയര്‍ന്ന സാക്ഷരത ബോധമുള്ള, ജനാധിപത്യ ബോധമുള്ള ഒരു സംസ്ഥാനത്താണ് ഇതെല്ലാം നടക്കുന്നതെന്ന് നാം ആലോചിക്കണം. ദൗര്‍ഭാഗ്യവശാല്‍ ഇതിനെതിരെയുള്ള എന്റെ ശബ്ദം ഒറ്റപ്പെട്ടതായി മാറിയതിലുള്ള പ്രയാസമാണ് ഇക്കാര്യത്തിലെനിക്കുള്ളത്. എട്ട് മനുഷ്യജീവനുകളെ വെടിവെച്ചുകൊന്നിട്ട് കേരളസമൂഹത്തില്‍ അതിന്റേതായ പ്രതികരണം ഉണ്ടാകാതെ പോയത് വലിയ തെറ്റാണ്. ഇന്നല്ലെങ്കില്‍ നാളെ ഇതിനെല്ലാം ജനങ്ങളുടെ മുന്നില്‍ സി.പി.ഐ.എമ്മിന് മറുപടി പറയേണ്ടി വരും. ഒരു സംശയവും വേണ്ട.
മാവോയിസ്റ്റ് ആശയങ്ങളെ അതിശക്തമായി എതിര്‍ക്കുന്നയാളാണ് ഞാന്‍. എനിക്കവരോട് യാതൊരു യോജിപ്പുമില്ല. മാവോയിസത്തെ ആശയപരമായി നേരിടണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍.
വൈത്തിരിയില്‍ കൊല്ലപ്പെട്ട സി.പി ജലീല്‍
കേരളം ഒരു പൊലീസ് സ്റ്റേറ്റിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്?
അതെ. ഒരു ഭരണാധികാരി എന്ന നിലയില്‍ പിണറായി വിജയന്‍ പൂര്‍ണ പരാജയമാണ്. ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയില്‍ അദ്ദേഹം അപ്രാപ്യനാണ്. ഞാന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍ വിവരങ്ങള്‍ സ്വീകരിച്ചിരുന്നത് പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുമാണ്. പൊതുജനങ്ങള്‍ക്കും എന്നെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുമായിരുന്നു. ഫോണെടുത്ത് ആര്‍ക്കുമെന്നെ വിളിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നു. ആര്‍ക്കുമെന്നെ കാണാനും അഭിപ്രായങ്ങള്‍ പറയാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു.
രമേശ് ചെന്നിത്തല
എന്നാല്‍ പിണറായി വിജയന്‍ അങ്ങനെയല്ല. ഭരണ പാര്‍ട്ടിയിലെ എം.എല്‍.എ മാര്‍ക്ക് പോലും കാണാന്‍ സാധിക്കാത്ത ആളാണ് പിണറായി വിജയന്‍. പിന്നെങ്ങിനെ അദ്ദേഹത്തിന് വസ്തുതാപരമായ വിവരങ്ങള്‍ ലഭിക്കും. പൊലീസില്‍ നിന്ന് മാത്രം ലഭിക്കുന്ന വിവരങ്ങള്‍ വെച്ചാണ് അദ്ദേഹം കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത്. ഒരു പൊലീസ് സ്റ്റേറ്റായി കേരളത്തെ മാറ്റാന്‍ കഴിയത്തക്ക വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി അറിഞ്ഞോ അറിയാതെയോ ഭാഗമായി മാറുന്നു എന്നുള്ളതാണ് സത്യം.
ആഭ്യന്തരവകുപ്പ് മന്ത്രിക്ക് വലിയ ഉത്തരവാദിത്വമുണ്ട്. പൊലീസിന് പലപ്പോഴും അവരുടേതായ വിശദീകരണങ്ങളും അഭിപ്രായങ്ങളും ഉണ്ടാകും. അതെടുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ വെയ്ക്കുകയല്ല ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി ചെയ്യേണ്ടത്. പൊലീസ് പറയുന്നത് മാത്രം കേട്ടാല്‍, പിന്നെ കേരളം പൊലീസ് സ്റ്റേറ്റ് ആകും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക