| Friday, 12th February 2021, 12:07 pm

അധികാരത്തിലെത്തിയാല്‍ കേരളാ ബാങ്ക് പിരിച്ചുവിട്ടിരിക്കും; മുല്ലപ്പള്ളിക്ക് പിന്നാലെ ചെന്നിത്തലയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ച് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെയാണ് ഈ നിലപാട് പറഞ്ഞ് രമേശ് ചെന്നിത്തലയും രംഗത്തെത്തുന്നത്.

ആവശ്യമായ അനുമതിയില്ലാതെയും നടപടികള്‍ പൂര്‍ത്തിയാക്കാതെയും രൂപീകരിച്ചതാണ് കേരളാ ബാങ്കെന്നും സഹകരണ പ്രസ്ഥാനത്തെ കുഴിച്ച് മൂടാനുള്ള നീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

ഭരണഘടനാ തത്വങ്ങള്‍ക്കെതിരെയും അനധികൃതമായും പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച കേരള ബാങ്ക് യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ പിരിച്ചുവിടുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

സഹകരണ ബാങ്കും കൊമേഴ്ഷ്യല്‍ ബാങ്കും തമ്മില്‍ അജഗജാന്തരമുണ്ടെന്നും കേരള ബാങ്ക് രൂപീകരിച്ചത് തന്നെ സഹകരണ ബാങ്കുകളിലെ കോടികളുടെ നിക്ഷേപം വകമാറ്റാനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമാന നിലപാട് പറഞ്ഞ് ചെന്നിത്തലയും രംഗത്തെത്തുന്നത്.

ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണത്തോടും രമേശ് ചെന്നിത്തല പ്രതികരിച്ചു. മേജര്‍ രവി കെ.പി.സി.സി പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും തൃപ്പൂണിത്തുറയിലെ ഐശ്വര്യ കേരള വേദിയിലേക്ക് വരുമെന്ന് തന്നെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.

അതേസമയം പിന്‍വാതില്‍ നിയമങ്ങള്‍ ശരി വയ്ക്കുന്ന തീരുമാനങ്ങള്‍ വരുന്ന മന്ത്രിസഭ യോഗങ്ങള്‍ എടുക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ നിരത്തിയ കണക്കുകള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ്. നിയമനങ്ങള്‍ നടക്കാത്ത റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കണം. സംസ്ഥാനത്ത് നിയമങ്ങള്‍ നടത്തുന്നത് സരിത എസ് നായരാണെന്നും സര്‍ക്കാരിന് സരിതയെ പേടിയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala On Kerala Bank

We use cookies to give you the best possible experience. Learn more