| Thursday, 25th February 2021, 6:17 pm

മോദി ആകാശം വിറ്റു തുലക്കുമ്പോള്‍ പിണറായി കടല്‍ വിറ്റ് തുലക്കുന്നു; ഇ.എം.സി.സി കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നരേന്ദ്രമോദി ആകാശം വിറ്റു തുലക്കുമ്പോള്‍ പിണറായി വിജയന്‍ വിദേശകുത്തകകള്‍ക്ക് കടല്‍ വിറ്റ് തുലക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മത്സ്യ സമ്പത്ത് അമേരിക്കന്‍ കുത്തക കമ്പനിക്ക് തീറെഴുതാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കാനുമുള്ള ഇടതു സര്‍ക്കാരിന്റെ ഗൂഢപദ്ധതി പ്രതിപക്ഷം കയ്യോടെ പിടിച്ചതുകൊണ്ടാണ് നടക്കാതെ പോയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവക്കണം, ഇ.എം.സി.സി കരാറില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണം, 2019 ലെ ഫിഷറീസ് നയത്തിലെ 2(9) വ്യവസ്ഥ നീക്കം ചെയ്യണം, ഇ.എം.സി.സിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി അനുവദിച്ചത് റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് പൂന്തുറയില്‍ രമേശ് ചെന്നിത്തല സത്യാഗ്രഹം നടത്തി.

കടലില്‍ പോയാല്‍ മത്സ്യത്തൊഴിലാളിക്ക് മത്സ്യം ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. പട്ടിണിയും, ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളുമാണ് ഇന്ന് മത്സ്യത്തൊഴിലാളികള്‍ നേരിടേണ്ടി വരുന്നത്.

അതിനിടയിലാണ് പിടിക്കുന്ന മത്സ്യത്തിന്റെ അഞ്ച് ശതമാനം കേരള സര്‍ക്കാരിന് നല്‍കണമെന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കിയത്. മത്സ്യത്തൊഴിലാളി വിരുദ്ധ സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പമാണ് അമേരിക്കന്‍ കുത്തക കമ്പനിയായ ഇ.എം.സി.സിക്ക് കേരളത്തിന്റെ മത്സ്യ സമ്പത്ത് തീറെഴുതാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയത്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ന്യുയോര്‍ക്കില്‍ വച്ച് കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതോടെയാണ് അയ്യായിരം കോടിയുടെ ഈ കരാറിന് അരങ്ങ് ഒരുങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

‘ഈ കൊള്ളയ്ക്ക് വേണ്ടിയാണ് ഫിഷറീസ് നയത്തില്‍ തന്നെ മാറ്റം വരുത്തിയത്. ഈ നയത്തിന്റെ 2(9) ല്‍ പറയുന്നത് കേരളത്തിന്റെ ആഴക്കടല്‍ മത്സ്യബന്ധന പ്രോത്സാഹനം നല്‍കുമെന്നാണ്. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 250 പുതിയ യാനങ്ങള്‍ കടലില്‍ ഇറക്കണമെന്ന് പറഞ്ഞപ്പോള്‍ സര്‍ക്കാരും പ്രതിപക്ഷവും മല്‍സ്യത്തൊഴിലാളി സംഘടനകളും എല്ലാവരും ഒന്നിച്ച് എതിര്‍ത്തതാണ്.

എന്നിട്ടാണ് 400 ട്രോളറുകള്‍ ഒന്നിച്ച് ഇറക്കുന്ന ദ്രോഹകരമായ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. മത്സ്യനയത്തില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം അടിസ്ഥാനപ്പെടുത്തിയാണ് ഇ.എം.സി.സി പദ്ധതി തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചത്.

ഈ പദ്ധതി നടപ്പായിരുന്നെങ്കില്‍ കേരളത്തിന്റെ തീരത്തെ മത്സ്യ സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കപ്പെടുമായിരുന്നു. കടലിന്റെ അടിത്തട്ടു വരെ മുട്ട ഉള്‍പ്പെടെ മത്സ്യസമ്പത്ത് മുഴുവന്‍ വിദേശ കമ്പനി അരിച്ചു വാരിക്കൊണ്ടു പോകുമായിരുന്നു- ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്ഥാപനമാണ് കേരളാ സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍. അയ്യായിരം കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി ഈ സ്ഥാപനം 2950 കോടി രൂപയുടെ ഉപധാരണാപത്രം ഒപ്പ് വച്ചിട്ട് മുഖ്യമന്ത്രി അറഞ്ഞില്ലങ്കില്‍ അദ്ദേഹം ആസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വിവരങ്ങളെല്ലാം വെളിച്ചത്ത് കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മനോനില തെറ്റിയെന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. സി.പി.ഐ.എമ്മിന്റെ കൊള്ളകളും അഴിമതിയും വെളിച്ചത്ത് കൊണ്ടുവരുന്നവരുടെ മനോനിലതെറ്റിയെന്ന് ആരോപിക്കുന്നത് സി.പി.ഐ.എമ്മിന്റെ പുതിയ രാഷ്ട്രീയ തന്ത്രമാണ്.

എന്ത് കമ്പനി, ഏത് കമ്പനി എന്നൊക്കെ ചോദിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, താന്‍ ഫോട്ടോ പുറത്ത് വിട്ടപ്പോള്‍ കമ്പനിയുടെ ആളുകളെ അറിയാമെന്നും അവര്‍ തന്നെ വന്ന് കണ്ടിരുന്നെന്നും സമ്മതിച്ചു. മുഖ്യമന്ത്രിയുമായി രണ്ട് തവണ ഇ.എം.സി.സി അധികൃതര്‍ ചര്‍ച്ച നടത്തി. അവരോട് വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്.

‘എന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ആരു വിശ്വസിക്കും’, രമേശ് ചെന്നിത്തല ചോദിച്ചു.

‘ഈ കമ്പനി ‘ഫ്രോഡാ’ണെന്നാണ് മേഴ്‌സിക്കുട്ടിയമ്മ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പിന്നെ എന്തിനാണ് ജ്യോതി ലാല്‍ എന്ന ഗവണ്‍മെന്റ് സെക്രട്ടറി ഈ കമ്പനിയുടെ ക്രെഡന്‍ഷ്യല്‍സ് പരിശോധിക്കണെമെന് ആവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് കത്തെഴുതിയത്? എന്തിനാണ് വിശ്വസ്യയോഗ്യമല്ലാത്ത കമ്പനിയുമായി കരാര്‍ ഒപ്പിടുകയും അവര്‍ക്ക് കെ.എസ്.ഐ.ഡി.സി പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം അനുവദിക്കുകയും ചെയ്തത്?’

ഇതിനെല്ലാം പിന്നില്‍ വലിയ അഴിമതിയാണുള്ളത്. അത് അന്വേഷിക്കാന്‍ പിണറായിക്ക് കീഴിലുള്ള സെക്രട്ടറിയായ ടി.കെ ജോസിനെ അല്ല ചുമതലപ്പെടുത്തേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ വന്‍ അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala on EMCC Deal

We use cookies to give you the best possible experience. Learn more