ആലപ്പുഴ: മലബാര്‍ ബ്രൂവറീസിന് അനുമതി നല്‍കിയതിന്റെ പിതൃത്വം എല്‍.ഡി.എഫിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബ്രൂവറീസിന് അനുമതി നല്‍കിയത് ആന്റണി സര്‍ക്കാരാണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“1998 ല്‍ ഇ.കെ നായനാര്‍ സര്‍ക്കാരാണ് ബ്രൂവറീസിന് അനുമതി നല്‍കിയത്. എക്‌സൈസ് മന്ത്രി പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണയാണ്. നായനാര്‍ സര്‍ക്കാരും വി.എസ് സര്‍ക്കാരും മുന്നോട്ട് കൊണ്ടുപോകാതിരുന്ന നടപടി എങ്ങനെ പിണറായി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോയി എന്ന് വിശദീകരിക്കണം.”
അതേസമയം ആന്റണി സര്‍ക്കാര്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ തീരുമാനങ്ങളില്‍ നടപടിയെടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വിഷയം ആന്റണിയുടെ ശ്രദ്ധയില്‍പ്പെട്ടുകാണില്ല എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
അനുമതി നല്‍കിക്കഴിഞ്ഞാല്‍ മറ്റ് നടപടികളെല്ലാം ഓട്ടോമാറ്റിക്കായിരിക്കുമെന്നും പിന്നീടുള്ള കാര്യങ്ങള്‍ എക്‌സൈസ് കമ്മീഷണറാണ് സ്വീകരിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
2003 ല്‍ ബ്രൂവറിയ്ക്ക് നല്‍കിയത് അന്തിമ അനുമതി മാത്രമാണെന്നും പ്രാഥമിക അനുമതി നല്‍കിയത് 1998 ല്‍ നായനാര്‍ സര്‍ക്കാരാണെന്നും നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അതേസമയം സംസ്ഥാനത്ത് ബ്രൂവറിയ്ക്കും ഡിസ്റ്റിലറികള്‍ക്കും പുതുതായി നല്‍കിയ അനുമതി റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
WATCH THIS VIDEO: