| Friday, 4th November 2022, 10:05 pm

ഇത്രയും നീചന്മാര്‍ ഈ കാലഘട്ടത്തിലും ഉണ്ടോ? കേരളത്തിന്റെ മഹിമ തിരിച്ചുപിടിക്കണം: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തലശ്ശേരിയില്‍ കാറില്‍ ചാരിനിന്നതിന്റെ പേരില്‍ ആറ് വയസുകാരനെ ചവിട്ടിവീഴ്ത്തിയ സംഭവത്തില്‍ പ്രിതകരണവുമായി രമേശ് ചെന്നിത്തല എം.എല്‍.എ. ഇത്രയും നീചന്മാര്‍ ഈ കാലഘട്ടത്തിലും ഉണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തൊഴിലാളികളെ അന്യസംസ്ഥാന തൊഴിലാളികളായി കാണാതെ അതിഥി തൊഴിലാളികളായി കാണുന്ന നാടാണ് കേരളം. പക്ഷേ ഇന്നലെ നാം തലശ്ശേരിയില്‍ കണ്ട ദൃശ്യങ്ങള്‍ കേരളമൊട്ടാകെ തലകുനിക്കേണ്ട ഒരു സംഭവമാണ്.

അതിഥിയായി കേരളത്തില്‍ എത്തിയ ആറു വയസ്സു മാത്രം പ്രായമുള്ള ഒരു ബാലകന്‍ തന്റെ കാറില്‍ ഒന്ന് ചാരിനിന്നു എന്ന കാരണത്താല്‍ കാറുടമസ്ഥന്‍ ആ പിഞ്ചു കുഞ്ഞിന്റെ നെഞ്ചില്‍ തന്റെ കാല്‍ പതിപ്പിച്ചത് ഏറ്റവും നീചകമായ ഒരു സംഭവം തന്നെയാണ്. എല്ലാ സൂചികയിലും മികച്ചതായിരുന്ന നമ്മുടെ സംസ്ഥാനം ഇന്നു ഭയാശങ്കയുടെ പിടിയിലായതിന്റെ തെളിവാണ് അടിക്കടി ഉണ്ടാക്കുന്ന ഇത്തരം സംഭവങ്ങളെന്നും ചെന്നിത്തല പറഞ്ഞു.

‘പ്രകൃതി ഭംഗിയില്‍ മാത്രം ദൈവത്തിന്‍ സ്വന്തം നാട് എന്ന് അറിയപ്പെടാതെ നമ്മുടെ മനസുകളുടെ ഭംഗികൊണ്ടും ദൈവത്തിന്റെ സ്വന്തം നാട് എന്ന് നാം അറിയപ്പെടണം.

ഇത്തരം സംഭവങ്ങള്‍ നടക്കുവാന്‍ പ്രേരണയാകുന്ന കാരണം കൂടി ചൂണ്ടികാണിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് ഏതുതരം കുറ്റകൃത്യങ്ങള്‍ ചെയ്താലും ഭരിക്കുന്ന സര്‍ക്കാറും പോലീസും കൈയ്യുംകെട്ടി നോക്കുകുത്തികളായി നില്‍ക്കുന്നത് അപലപനീയമാണ്.
നീതിന്യായ വ്യവസ്ഥ വിവേചനം കൂടാതെനടപ്പാക്കുവാന്‍ അധികാരത്തില്‍ ഉള്ളവര്‍ മുന്നോട്ട് വരണം. കേരളത്തിനു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന മഹിമ തിരിച്ചുപിടിക്കണം,’ രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

CONTENT HIGHLIGHT:  Ramesh Chennithala MLA’s reaction on issue  kicking six-year-old boy for leaning on car in Thalassery

We use cookies to give you the best possible experience. Learn more