തിരുവനന്തപുരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ അറസ്റ്റിലായ മുസ്‌ലീം ലീഗ് എം.എല്‍.എ എം.സി കമറുദ്ദീനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റിന് തെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുത്തത് എന്തിനെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ചെന്നിത്തല പറഞ്ഞു.
‘നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. യു.ഡി.എഫ് അതിനെ തടസപ്പെടുത്തില്ല. ബിസിനസ് തകര്‍ച്ചയാണ് ഉണ്ടായത്. അമിട്ട് പൊട്ടുന്നതിനിടയില്‍ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയും’, ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക സംഘങ്ങളുടെ സിരാ കേന്ദ്രം ആയി മാറിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമരം അപഹാസ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് ഡോണും ബോസുമൊക്കെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചന്ദേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാല് കേസുകളിലാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. 420, 43 വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.
നിക്ഷേപ തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ കമറുദ്ദീനെതിരെ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റെന്നും ചെയര്‍മാന്‍ എന്ന നിലയില്‍ തട്ടിപ്പില്‍ എം.സി കമറുദ്ദീന് ഉത്തരവാദിത്തം ഉണ്ടെന്നും എസ്.പി പി. വിവേക് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
‘കമറുദ്ദീനാണ് കമ്പനി ചെയര്‍മാന്‍. കമ്പനി തട്ടിപ്പ്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ കമറുദ്ദീന് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ട്. കമറുദ്ദീനെതിരെ 77 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങുന്നത്,’ എ.എസ്.പി പറഞ്ഞു.
കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ കമറുദ്ദീനെ കാസര്‍ഗോഡ് എസ്. പി ഓഫീസില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതുവരെ നൂറിലേറെ പരാതികളാണ് കമറുദ്ദീനെതിരെ ലഭിച്ചിട്ടുള്ളത്.
കേസില്‍ എം.സി കമറുദ്ദീനെ സംരക്ഷിക്കില്ലെന്ന് ലീഗ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടി ഏറ്റെടുത്തിട്ടില്ലെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് പറഞ്ഞത്.
പണം തിരികെ നല്‍കുമെന്നാണ് കമറുദ്ദീന്‍ പറഞ്ഞിരിക്കുന്നത്. മറ്റ് കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുക്കും. ധാര്‍മികതയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിനെത്തിയ കെ. പി. എ മജീദ് കാസര്‍ഗോഡ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കമറുദ്ദീനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
ഓഗസ്റ്റ് 27നാണ് എം.സി കമറുദ്ദീനെതിരായ ആദ്യത്തെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേസുകള്‍ വര്‍ധിച്ചിട്ടും കമറുദ്ദീനെതിരെ നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് വിമര്‍ശനങ്ങളുയര്‍ന്നത്.