| Sunday, 30th August 2020, 8:15 pm

ഗള്‍ഫില്‍ നിന്ന് കോടികള്‍ പിരിച്ചു; റെഡ് ക്രസന്റിനെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലൈഫ് പദ്ധതി വിവാദം ശക്തമാകുന്നതിനിടെ റെഡ് ക്രസന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ കൈയ്യില്‍ നിന്ന് റെഡ് ക്രസന്റ് കോടികള്‍ പിരിച്ചെന്നാണ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.

24 ന്യൂസിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. എത്ര രൂപ റെഡ് ക്രസന്റ് പിരിച്ചെന്ന് വെളിപ്പെടുത്താമോയെന്നും കണക്കുകള്‍ പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മലയാളികള്‍ അടക്കമുള്ളവരുടെ കൈയ്യില്‍ നിന്ന് ഇരുപത് കോടിയോളം രൂപ റെഡ് ക്രസന്റ് പിരിച്ചെന്നാണ് ആരോപണം. ഗുരുതരമായ ആരോപണം താന്‍ ഉന്നയിക്കുകയാണെന്നും തനിക്ക് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ് ക്രസന്റിന് പകരം ഒപ്പിട്ടത് യു.എ.ഇ കോണ്‍സുല്‍ ജനറലാണെന്ന് നേരത്തെ പുറത്ത് വന്നിരുന്നു. ഉപകരാറിലാണ് റെഡ്ക്രസന്റിന് പകരം കേരളത്തിലെ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ ഒപ്പിട്ടത്.

2019 ജൂലൈ 31നാണ് കരാറില്‍ ഒപ്പിട്ടത്. വടക്കാഞ്ചേരിയിലെ തലപ്പള്ളി താലൂക്കില്‍പ്പെട്ട സ്ഥലത്ത് 140ഓളം പേര്‍ പാര്‍പ്പിട സമുച്ചയം നിര്‍മിക്കാനുള്ളതാണ് കരാര്‍.

500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സമുച്ചയം നിര്‍മിക്കാന്‍ ഉദ്ദേശിച്ച ടെന്‍ഡര്‍ മുഖേനയാണ് ഇതിലേക്ക് യുണിടാകിനെ തെരഞ്ഞെടുത്തതെന്നും കരാറില്‍ പറയുന്നുണ്ട്.

നവകേരളനിര്‍മിതിയുടെ ഭാഗമായി കേരളത്തില്‍ വീടുകള്‍ നിര്‍മിക്കാന്‍  എമിറേറ്റ്സ് റെഡ് ക്രെസന്റ് 2018 ഒക്ടോബറിലായിരുന്നു സഹായം വാഗ്ദാനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനുമായി എമിറേറ്റ്സ് റെഡ് ക്രെസന്റ് വെസ്റ്റേണ്‍ റീജണ്‍ ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ സഹായം വാഗ്ദാനം ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala makes serious allegations against Red Crescent

We use cookies to give you the best possible experience. Learn more