Kerala News
ലോക്ക്ഡൗണ്‍ കാലത്ത് ശബരിമല മുന്‍ മേല്‍ശാന്തിയെക്കൊണ്ട് കോടിയേരി ശത്രുസംഹാര പൂജ നടത്തി: ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 10, 11:30 am
Monday, 10th August 2020, 5:00 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കോടിയേരി ശത്രുസംഹാര പൂജ നടത്തിയെന്ന് ചെന്നിത്തല ആരോപിച്ചു.

ശത്രുസംഹാര പൂജ നടത്തിയത് ശബരിമല മുന്‍ മേല്‍ശാന്തിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘കൊവിഡ് കാലത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പോലും ലംഘിച്ച് ശത്രു സംഹാര പൂജ സ്വന്തം വീട്ടില്‍ നടത്തിയ ആളാണ് എനിക്കെതിരെ ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു ശബരിമല മുന്‍ മേല്‍ശാന്തിയെക്കൊണ്ടാണ് പൂജ നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയകളിലൊക്കെ വന്നുകൊണ്ടിരിക്കുന്നത്. ഞാനും വായിച്ചു. തിരക്കിയപ്പോള്‍ ശരിയാണ്.’

പണ്ട് പൂ മൂടല്‍ പൂജ നടത്തിയതിന്റെ ഭാഗമായാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഏതായാലും പിണറായി വിജയന്‍ പേടിച്ചാല്‍ മതി, ഞാന്‍ പേടിക്കേണ്ട കാര്യമില്ല. ഞാന്‍ നല്ല വിശ്വാസിയാ’, ചെന്നിത്തല പറഞ്ഞു.

ശാഖയില്‍ പോയിട്ടുള്ള എസ്. രാമചന്ദ്രന്‍ പിള്ളയുടെ ശിഷ്യനാണ് കോടിയേരി ബാലകൃഷ്ണന്‍. എസ്.ആര്‍.പി.യുടെ ശിക്ഷണം കൊണ്ടാണ് അമ്പലത്തില്‍ പോകുന്നവരും കുറി ഇടുന്നവരുമെല്ലാം ആര്‍.എസ്.എസുകാര്‍ ആണെന്നു കോടിയേരിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി സെക്രട്ടറി ഇത്ര വര്‍ഗീയവാദി ആകുന്നത് ആദ്യമാണ്. ആര്‍.എസ്.എസിലക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ഏജന്റിനെ പോലെയാണ് കോടിയേരി പ്രവര്‍ത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആദ്യം തന്റെ അച്ഛന് ആര്‍.എസ്.എസ്. ബന്ധം ആരോപിച്ചു. പിന്നീട് തന്നെ സര്‍സംഘചാലക് ആക്കി. ഇപ്പോള്‍ തന്റെ ഗണ്‍മാനും ആര്‍.എസ്.എസ്. എന്നാണ് പറയുന്നത്. തന്റെ കുക്കിനെയും നാളെ ആര്‍.എസ്.എസുകാരനായി ചിത്രീകരിച്ചേക്കാമെന്നും ചെന്നിത്തല പരിഹസിച്ചു.

കോണ്‍ഗ്രസിലെ സര്‍സംഘചാലകാണ് രമേശ് ചെന്നിത്തല എന്നതായിരുന്നു കോടിയേരിയുടെ ആദ്യ വിമര്‍ശനം. രമേശ് ചെന്നിത്തലയുടെ ഗണ്‍മാന് ആര്‍.എസ്.എസ്. ബന്ധം ഉണ്ടെന്ന് കഴിഞ്ഞ ദിവസം കോടിയേരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Kodiyeri Balakrishnan RSS