| Thursday, 25th March 2021, 1:55 pm

ഉമ്മന്‍ചാണ്ടിയുടെയും ആന്റണിയുടെയും 'ഹിന്ദു വര്‍ഗീയ' കളികള്‍ക്ക് തയ്യാറായില്ല എന്നതാണ് ചെന്നിത്തലയുടെ അയോഗ്യത; അദ്ദേഹം ഒരു മെച്ചപ്പെട്ട പ്രതിപക്ഷ നേതാവാണ്

കെ ജെ ജേക്കബ്

തന്നെ ഇടിച്ചിരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സര്‍വേകളില്‍ അദ്ദേഹം പിന്നോക്കം പോകുന്നതാണ് ശ്രീ ചെന്നിത്തലയെ അലട്ടുന്നത്. പക്ഷെ അതിനു വഴിയൊരുക്കിയത് അദ്ദേഹത്തിന്റെ പാര്‍ട്ടി, കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ഓര്‍ക്കണം, പിന്നെ അദ്ദേഹത്തിന്റെ മുന്നണി, യു.ഡി.എഫും.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് (2006-2011) പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ മോശമായിരുന്നില്ല കഴിഞ്ഞ അഞ്ചുകൊല്ലത്തെ ചെന്നിത്തലയുടെ പ്രവര്‍ത്തനം. അത്യാവശ്യഘട്ടങ്ങളില്‍ സര്‍ക്കാരിനൊപ്പം നിന്നും ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും എതിര്‍ത്തും, ചിലപ്പോള്‍ തിരുത്തിച്ചുമാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ പ്രഹസനമാക്കുമായിരുന്ന ഇരട്ട വോട്ടുകള്‍ ഒരു വിഷയമാക്കി കൊണ്ടുവരാനും തെരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് നടപടി തുടങ്ങിവയ്പ്പിക്കാനും കഴിഞ്ഞത് പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലമാണ്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ത്തന്നെ ‘ന്യായ്’ പദ്ധതിയുമായി വന്നത് ശ്രീ ചെന്നിത്തലയാണ്

പക്ഷേ അതിന്റെയൊന്നും മെച്ചം അദ്ദേഹത്തിന് ലഭിക്കുന്നില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിനുള്ള മെച്ചവും അദ്ദേഹത്തിന് ലഭിക്കുന്നില്ല. യു.ഡി.എഫിനും ലഭിക്കുന്നില്ല. അതെന്തുകൊണ്ടാണ്?അദ്ദേഹത്തിന്റെ തലയ്ക്കുമുകളിലൂടെ ഉമ്മന്‍ ചാണ്ടിയെ കൊണ്ടുവന്നു വെച്ച കോണ്‍ഗ്രസ് നേതൃത്വമാണ് അതിനു ഉത്തരം പറയണ്ടത്; പിന്നെ യു.ഡി. എഫും.

യു.ഡി.എഫിനെ തിരിച്ചു അധികാരത്തില്‍ എത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന മഹാദ്ഭുതം എന്താണ്? രണ്ടു പ്രാവശ്യം മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി യു.ഡി.എഫിന് ഐശ്വര്യ യാത്രയുടെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച മുദ്രാവാക്യമാണ് ശബരിമല. വെറുതെ അവിടംകൊണ്ട് നിര്‍ത്തിയില്ല. ഇന്നുവരെ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ഒരു കരടുനിയമവും ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു.

ഏതു വിഷയത്തിലാണ് കോണ്‍ഗ്രസ് നിയമനിര്‍മ്മാണം നടത്തും എന്ന് പറയുന്നത്? സുപ്രീം കോടതിയുടെ ഭരണ ഘടന ബെഞ്ചിന്റെ പരിഗണയില്‍ ഉള്ള ഒരു വിഷയത്തില്‍ ഏതു അധികാരം ഉപയോഗിച്ചാണ് കേരള നിയമ സഭ നിയമം നിര്‍മ്മിക്കുന്നത്? ഒരു വ്യാജ വാഗ്ദാനമല്ലേ കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിയും നല്‍കുന്നത്?

ഇന്നലെ ശ്രീ എ.കെ ആന്റണിയും രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയാണ് അദ്ദേഹത്തിന്റെയും വായ്ത്താരി. 37 വയസ്സില്‍ മുഖ്യമന്ത്രി ആയ, അതിനുശേഷം രണ്ടുവട്ടം കൂടി മുഖ്യമന്ത്രി ആയ, ഈ എണ്‍പതാം വയസ്സുവരെ ഏതെങ്കിലും അധികാരക്കസേരയില്‍ മാത്രമിരുന്നിട്ടുള്ള ശ്രീ ആന്റണിയ്ക്കു കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള യു.ഡി.എഫിന്റെ മുദ്രാവാക്യമായി കാണിക്കാനുള്ളത് ശബരിമലയാണ്, അല്ലാതെ ഏതെങ്കിലും പദ്ധതിയല്ല, ന്യായ് പോലുമല്ല.

ഇനിയങ്ങോട്ട് കേരളം മുഴുവന്‍ നടന്നു ആന്റണി പറയാന്‍ പോകുന്നത് ഇതേ ശബരിമലയാണ്. ആന്റണിയ്ക്ക് ചേരുന്ന മുദ്രാവാക്യമാണ് അത്; കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ അനധികൃതമായി എന്തൊക്കെയോ നേടിയെന്ന തോന്നല്‍ കൊണ്ടുനടക്കുകയും പറയുകയും ചെയ്ത ആന്റണി ഹിന്ദുത്വ കളിക്കുന്നത് അദ്ദേഹത്തിനു ബാക്കിയുള്ള രാഷ്ട്രീയ അജണ്ടയ്ക്കു ചേര്‍ന്നുപോകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ കാര്യം അതോടെ തീരുമാനമാകും എന്നത് ശ്രീമാന്‍ ആന്റണിയെ ബാധിക്കാന്‍ സാധ്യതയില്ല.

നിര്‍ഭാഗ്യവശാല്‍ ചെന്നിത്തല ഈ വര്‍ത്തമാനം അധികം പറഞ്ഞിരുന്നില്ല. ശബരിമല നിയമം കാണിച്ചു ഹിന്ദു വോട്ടും അധികാരമില്ലെങ്കില്‍ ഞങ്ങളെല്ലാം ബി.ജെ.പിയില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തി മുസ്‌ലിം വോട്ടും ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന്റെ സൂത്രവാക്യ രൂപീകരണത്തില്‍ ശ്രീ ചെന്നിത്തലയെ അധികം കണ്ടിരുന്നില്ല.

ആര്‍.എസ.്എസിന്റെ വോട്ടു വാങ്ങി ജയിക്കുന്നു എന്ന ആക്ഷേപം നേരിടുന്ന ചെന്നിത്തല യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റേയും വര്‍ഗീയക്കളിയില്‍ പിറകോട്ടു പോകുന്നു എന്നതാണ് വിരോധാഭാസം. അതാണ് സര്‍വേകളില്‍ അദ്ദേഹവും പിന്നോട്ട് പോകാനുള്ള കാരണം.

കഴിഞ്ഞ അഞ്ചുകൊല്ലത്തെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനവും ഇനിയങ്ങോട്ട് ചെയ്യാനുള്ള കാര്യങ്ങളും സര്‍ക്കാരിന്റെ പോരായ്മകളും ഉയര്‍ത്തിക്കാട്ടി നടത്തുന്ന പ്രചാരണത്തില്‍ മാത്രമാണ് ചെന്നിത്തലയ്ക്ക് റോളുള്ളത്; ശബരിമല നിയമം, തോറ്റാല്‍ ബി.ജെ.പിയില്‍ പോകുമെന്നുള്ള ഭീഷണി: ഈ രണ്ടു വ്യാജ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ സമീപിച്ചാല്‍ കോണ്‍ഗ്രസ് ഉപ്പുവെച്ച കലമാകുമെന്നു അദ്ദേഹം മനസിലാക്കണം. അതാണ് ഇന്ത്യയിലെമ്പാടും കോണ്‍ഗ്രസിന്റെ ചരിത്രം.

ഹിന്ദുത്വ കളിക്കാനാണെങ്കില്‍ കേരളത്തില്‍ ബി.ജെ.പിയ്ക്ക് കുറവൊന്നുമില്ല. ആ പണി കോണ്‍ഗ്രസിനേക്കാളും നന്നായി അവര്‍ ചെയ്തോളും. ബി.ജെ.പിയില്‍ പോകുമെന്നുള്ള ഭീഷണി കേരളത്തെ കുറച്ചു കാണിക്കലാണ്; അതൊന്നും വിലപ്പോകുന്ന കാര്യമല്ല.
സത്യത്തില്‍ ചെന്നിത്തലയ്ക്കു കിട്ടുന്ന കുറഞ്ഞ വോട്ടുകള്‍ യഥാര്‍ത്ഥ കോണ്‍ഗ്രസിന് കിട്ടുന്ന കുറഞ്ഞ വോട്ടുകളാണ് എന്ന് അദ്ദേഹം മനസിലാക്കണം; പാര്‍ട്ടിയെയും മുന്നണിയെയും തിരുത്തിക്കണം. ഇനിയുള്ള ഏതാനും ദിവസങ്ങളില്‍ അത് നടക്കും എന്നല്ല ഞാന്‍ പറയുന്നത്; പക്ഷെ കോണ്‍ഗ്രസ് അത് ചെയ്യണം. ഏതു വിധേനയും അധികാരം പിടിക്കണം, നിലനിര്‍ത്തണം എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് നടത്തിയ കോമ്പ്രമൈസുകള്‍ ആ പാര്‍ട്ടിയെ എത്തിച്ചത് എവിടെയാണ് എന്നോര്‍ക്കണം.

ചെന്നിത്തല ഇരുന്ന കസേരകള്‍ ആരുടേയും ദാനമല്ല, ഇതേ ആന്റണിയോടും ഉമ്മന്‍ ചാണ്ടിയോടും മല്ലുപിടിച്ചിട്ടാണ് ഓരോ സ്ഥാനവും അദ്ദേഹം നേടിയെടുത്തത്. കോണ്‍ഗ്രസ് ഇനിയും ഉണ്ടാകേണ്ടതും അധികാരത്തിലെത്തേണ്ടതും ഉമ്മന്ചാണ്ടിയ്ക്കും ആന്റണിയ്ക്കും അത്ര അത്യാവശ്യമുള്ള കാര്യമല്ല; പക്ഷെ ചെന്നിത്തലയ്ക്ക് അതങ്ങിനെയല്ലല്ലോ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala is a better Opposition leader than  A.K Anthony and Oommen Chandi

കെ ജെ ജേക്കബ്

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more