ചങ്ങനാശ്ശേരി: എന്‍.എസ്.എസ് സംഘടിപ്പിക്കുന്ന മന്നം ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ പ്രതിപക്ഷ നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തല നിര്‍വഹിക്കും. 24 ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നേരത്തെ പരിപാടിയുടെ മുഖ്യപ്രഭാഷകനായി എന്‍.എസ്.എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. 11 വര്‍ഷത്തെ അകല്‍ച്ച അവസാനിപ്പിച്ചുകൊണ്ടായിരുന്നു എന്‍.എസ്.എസിന്റെ ക്ഷണം.
പരിപാടിയുടെ ഉദ്ഘാടകനായി ആദ്യം തീരുമാനിച്ചിരുന്നത് അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണിയെ ആയിരുന്നു. എന്നാല്‍ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് ചെന്നിത്തലയെ ഉദ്ഘാടകനായി തീരുമാനിച്ചത്.
ജനുവരി രണ്ടിനാണ് എന്‍.എസ്.എസിന്റെ മന്നം ജയന്തി ആഘോഷം. പൊതുസമ്മേളനത്തിലേക്ക് എന്‍.എസ്.എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമാക്കിയിരുന്നു.
പിന്നാലെ വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെ ചെന്നിത്തലയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പക്വതയില്ലാത്ത, വര്‍ഗീയത നാവുകൊണ്ട് വിലയ്ക്ക് വാങ്ങുന്ന വ്യക്തിയാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്നം ജയന്തി ആഘോഷത്തിലേക്ക് രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് ക്ഷണിച്ചതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനാണെന്ന് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു. ആര് മുഖ്യമന്ത്രിയാകണം എന്നതില്‍ സാമുദായിക നേതാക്കള്‍ക്കും അഭിപ്രായം പറയാമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ മാധ്യമങ്ങളാണ് ആരംഭിച്ചതെന്നും അക്കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള വ്യക്തി തന്നെയാണ് ചെന്നിത്തലയെന്നും എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlight: Ramesh Chennithala inaugurated the NSS Mannam Jayanti General Conference