ചങ്ങനാശ്ശേരി: എന്‍.എസ്.എസ് സംഘടിപ്പിക്കുന്ന മന്നം ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ പ്രതിപക്ഷ നേതാവും എം.എല്‍.എയുമായ രമേശ് ചെന്നിത്തല നിര്‍വഹിക്കും. 24 ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നേരത്തെ പരിപാടിയുടെ മുഖ്യപ്രഭാഷകനായി എന്‍.എസ്.എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. 11 വര്‍ഷത്തെ അകല്‍ച്ച അവസാനിപ്പിച്ചുകൊണ്ടായിരുന്നു എന്‍.എസ്.എസിന്റെ ക്ഷണം.
പരിപാടിയുടെ ഉദ്ഘാടകനായി ആദ്യം തീരുമാനിച്ചിരുന്നത് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണിയെ ആയിരുന്നു. എന്നാല്‍ അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് ചെന്നിത്തലയെ ഉദ്ഘാടകനായി തീരുമാനിച്ചത്.
ജനുവരി രണ്ടിനാണ് എന്‍.എസ്.എസിന്റെ മന്നം ജയന്തി ആഘോഷം. പൊതുസമ്മേളനത്തിലേക്ക് എന്‍.എസ്.എസ് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമാക്കിയിരുന്നു.
മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകള്‍ മാധ്യമങ്ങളാണ് ആരംഭിച്ചതെന്നും അക്കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള വ്യക്തി തന്നെയാണ് ചെന്നിത്തലയെന്നും എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlight: Ramesh Chennithala inaugurated the NSS Mannam Jayanti General Conference