സ്വപ്നയ്ക്ക് നല്‍കിയ ഐ ഫോണുകള്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല; ചെന്നിത്തലയ്ക്ക് എതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പന്‍
Kerala News
സ്വപ്നയ്ക്ക് നല്‍കിയ ഐ ഫോണുകള്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ല; ചെന്നിത്തലയ്ക്ക് എതിരായ ആരോപണത്തില്‍ മലക്കം മറിഞ്ഞ് സന്തോഷ് ഈപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th October 2020, 9:43 pm

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊടുക്കാന്‍ ഐഫോണ്‍ വാങ്ങി നല്‍കിയെന്ന വാദത്തില്‍ മലക്കം മറിഞ്ഞ് യൂണീടാക് ഉടമ സന്തോഷ് ഈപ്പന്‍.

സ്വപ്ന സുരേഷിന് അഞ്ച് ഐ ഫോണുകള്‍ നല്‍കുകയായിരുന്നെന്നും അത് അവര്‍ ആര്‍ക്ക് നല്‍കിയെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പന്‍ വിജിലന്‍സിന് മൊഴി നല്‍കി.

സന്തോഷ് ഈപ്പനെതിരെ പ്രതിപക്ഷ നേതാവ് നിയമ നടപടിക്കൊരുങ്ങിയതിന് പിന്നാലെയാണ് സന്തോഷ് ഈപ്പന്‍ തന്റെ മുന്‍ വാദത്തില്‍ നിന്ന് മലക്കം മറിഞ്ഞത്. സന്തോഷ് ഈപ്പനെതിരെ തിങ്കളാഴ്ച വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു.

ചെന്നിത്തലയ്ക്ക് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ ആരോപിച്ചിരുന്നു. സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം അഞ്ച് ഐഫോണുകള്‍ വാങ്ങി നല്‍കിയെന്നും അതില്‍ ഒരെണ്ണം രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്നുമാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തടസ്സ ഹരജിയിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

രമേശ് ചെന്നിത്തല അത് നിരസിക്കുകയായിരുന്നു. യു.എ.ഇ കോണ്‍സുലേറ്റിന്റെ റെയ്സിംഗ് ഡേ ചടങ്ങില്‍ പങ്കെടുത്ത താന്‍ മൊബൈല്‍ ഫോണോ മറ്റു സമ്മാനങ്ങളോ വാങ്ങിയിട്ടില്ലെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞു.

എന്നാല്‍ കോടിയേരിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനും അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥനും ഫോണ്‍ സമ്മാനമായി കിട്ടിയിട്ടുണ്ടെന്നാണ് മനസിലായതെന്ന് ചെന്നിത്തല പറഞ്ഞിരുന്നു. തന്റെ സ്റ്റാഫില്‍പ്പെട്ട ഹബീബിന് വാച്ച് സമ്മാനമായി കിട്ടിയിരുന്നെന്നും ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ramesh Chennithala I phone controversy life mission Santhosh Eepan changed stand