| Sunday, 6th February 2022, 5:13 pm

പരാതി കേള്‍ക്കാതെ ലോകായുക്ത തന്നെ അവഹേളിച്ചു; വി.സി നിയമന വിധിയില്‍ പുനഃപരിശോധന ഹരജി നല്‍കുമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് അനുകൂലമായ വിധിക്കെതിരെ പുനഃപരിശോധനക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാതെയും മുഖ്യമന്ത്രിയെ കക്ഷിചേര്‍ക്കണമെന്ന തന്റെ വാദം അംഗീകാരിക്കാതെയുള്ള വിധിയാണ് ലോകായുക്തയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കണ്ണൂര്‍ വി.സി നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മന്ത്രി ബിന്ദുവിനെതിരായ പരാതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയല്‍ ചെയ്തിരുന്നു.

അത് പരിഗണിക്കാന്‍ തയ്യാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയത്. വിധി പ്രഖ്യാപനത്തിനുശേഷം തന്റെ പരാതി കേള്‍ക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിനു സമാനമാണെന്ന്  ചെന്നിത്തല പറഞ്ഞു.

ചട്ടങ്ങള്‍ പാടേ അവഗണിച്ചു നടത്തുന്ന ഏത് ശുപാര്‍ശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകായുക്തയുടെ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്.
യൂ.ജി.സി ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് കണ്ണൂര്‍ വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് മന്ത്രി ബിന്ദു ശുപാര്‍ശ ചെയ്തുവെന്നതില്‍ മന്ത്രിക്കോ ലോകായുക്തയ്‌ക്കോ തര്‍ക്കമില്ല. മന്ത്രിയുടെ പ്രസ്തുത ശുപാര്‍ശ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും മതിയായ തെളിവാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വി.സിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്. ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ലോകായുക്ത വിധിയില്‍ പുനഃപരിശോധന ഹരജി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത വിധി യുക്തി ഭദ്രമല്ലെന്ന് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു. ഉന്നതവിദ്യഭ്യാസ ചരിത്രത്തിലാദ്യമായി ഒരു മന്ത്രി സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിയെ പിരിച്ചുവിടുന്നു. ഉന്നയിച്ച വാദങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. വാദങ്ങള്‍ 100 ശതമാനം വസ്തുതാപരമാണ്. വാദങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. 60 വയസുകഴിഞ്ഞ ഒരാള്‍ക്ക് പുനര്‍നിയമനം നല്‍കുന്നത് സ്വജനപക്ഷപാതമല്ലെങ്കില്‍ പിന്നെ എന്താണെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലയെന്നാണ് ലോകായുക്ത വിധിയില്‍ പറഞ്ഞത്. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ലെന്നും ആര്‍. ബിന്ദു നല്‍കിയത് നിര്‍ദേശം മാത്രമാണെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞിരുന്നു.

CONTENT HIGHLIGHTS:  Ramesh Chennithala has said he will file a petition seeking reconsideration of the verdict in favor of  Minister R. Bindu Kannur University Vice Chancellor appointed 

We use cookies to give you the best possible experience. Learn more