| Monday, 13th May 2019, 2:59 pm

പൊലീസിലെ പോസറ്റല്‍ ബാലറ്റിലെ ക്രമക്കേട്; രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൊലീസിന്റെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി നല്‍കി.

പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ട് ചെയ്യാനുള്ള സൗകര്യമുണ്ടാക്കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.

പോസ്റ്റല്‍ ബാലറ്റ് തിരിമറി ആരോപണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ നടക്കുന്ന ക്രൈബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ സമഗ്ര അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. മെയ് പതിനഞ്ചിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സംഭവത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്‍മെന്റ് സര്‍വന്റ്സ് കോണ്ടക്ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്.

പൊലീസ് അസോസിയേഷന്‍ കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിഷയം വിവാദത്തിലേക്ക് കൂപ്പുകുത്തുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ഒരു സന്ദേശം പ്രചരിച്ചത്. പൊലീസ് സംഘടനാ നേതാവിന്റെ സംഭാഷണമാണ് ശബ്ദരേഖയിലുള്ളത്.

വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. പോലീസുകാരുടെ പോസ്റ്റല്‍ വോട്ട് ശേഖരിച്ച ശേഷം അവയില്‍ തിരിമറി നടത്തിയ ശേഷം പെട്ടിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് സൂചന. 58,000ഓളം പോലീസുകാരാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരുന്നത്.

തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നതായി റിപ്പോര്‍റ്റുകള്‍ വന്നിരുന്നു. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികള്‍ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നായിരുന്നു പരാതി. തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പൊലീസുകാരെ സമ്മര്‍ദ്ദം ചെലുത്തി അസോസിയേഷന്‍ നിര്‍ദേശിക്കുന്ന വിലാസത്തിലേക്ക് പോസ്റ്റല്‍ ബാലറ്റ് അയക്കാന്‍ ആവശ്യപ്പെടുകയും സംശയം തോന്നാതിരിക്കാന്‍ പല വിലാസങ്ങളിലേക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ അയപ്പിക്കുകയാണ് ചെയ്യുക എന്നാണ് ആരോപണം.

We use cookies to give you the best possible experience. Learn more