| Wednesday, 24th March 2021, 4:59 pm

ഒരു മണ്ഡലത്തിലെ വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജവോട്ടുകള്‍; പുതിയ വെളിപ്പെടുത്തലുമായി രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളവോട്ടിനായി ഒരു മണ്ഡലത്തിലെ വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള 127 പേര്‍ക്ക് ഇരിക്കൂറിലും വോട്ടുണ്ട്. രണ്ടിടത്തും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്. പയ്യന്നൂരിലെ മാത്രമല്ല, കല്ല്യാശ്ശേരി മണ്ഡലത്തില്‍ വോട്ടുള്ള 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്’, ചെന്നിത്തല പറഞ്ഞു.

എല്‍.ഡി.എഫ് വ്യാജവോട്ടര്‍മാരെ കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരാള്‍ക്ക് ഒരു വോട്ടും ഒരു തിരിച്ചറിയല്‍ കാര്‍ഡും എന്ന ജനാധിപത്യ തത്ത്വത്തെ കാറ്റില്‍ പറത്തി സംസ്ഥാനത്തെ ഒരു ലക്ഷത്തില്‍ പരം ആളുകള്‍ക്ക് പല മണ്ഡലങ്ങളില്‍ കള്ളവോട്ട് സൃഷ്ടിച്ചിരിക്കുന്നു.ഈ വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറും. ഉദ്യോഗസ്ഥ സഹായത്തോടെ ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത ഈ കള്ളവോട്ടുകളാണ് ഇടതുമുന്നണിയുടെ പല തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കും ആധാരം.

കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ കണ്ടെത്തിയ വ്യാജ വോട്ടര്‍മാര്‍ക്കു പുറമേയാണ് ഇപ്പോള്‍ പുതിയതരം കള്ളവോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു യഥാര്‍ത്ഥ വോട്ടറുടെ പേരും, ഫോട്ടോയും, വിലാസവും ഉപയോഗിച്ച് ഒരേ നിയോജകമണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍തന്നെ നിരവധി വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങളാണ് നേരത്തെ പുറത്തുവിട്ടിരുന്നത്. ഇങ്ങനെ മൂന്നേകാല്‍ ലക്ഷത്തോളം വോട്ടര്‍മാരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പു കമ്മിഷന് കൈമാറുകയും ഇരട്ട വോട്ടുകളുടെ കാര്യം തിരഞ്ഞെടുപ്പു കമ്മിഷന്‍ സമ്മതിക്കുകയും ചെയ്തു.

ഒരു മണ്ഡലത്തിലെ വോട്ടറുടെ പേരില്‍ പല മണ്ഡലങ്ങളില്‍ വ്യാജവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ട
വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്. ഇത്തരം വോട്ടര്‍മാര്‍ക്ക് തന്റെ യഥാര്‍ത്ഥ മണ്ഡലത്തിലെ വോട്ട് ചെയ്ത ശേഷം മഷി മായ്ച്ച് കളഞ്ഞ് അടുത്ത മണ്ഡലത്തിലും പോയി വോട്ടു ചെയ്യാം.അല്ലെങ്കില്‍ അടുത്ത മണ്ഡലങ്ങളിലെ അയാളുടെ വോട്ട് മറ്റാര്‍ക്കെങ്കിലും കള്ളവോട്ട് ചെയ്യാം.

ഞങ്ങളുടെ പരിശോധനയില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലേറെ ഇരട്ട വോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 1,09693. ഇത് ഞങ്ങള്‍ കണ്ടെത്തിയതാണ്. എന്നാല്‍ ഇതിന്റെ പല മടങ്ങുണ്ടാകാം യഥാര്‍ത്ഥ ഇരട്ടവോട്ടുകളുടെ എണ്ണം.

ഉദാഹരണത്തിന് ഇരിക്കൂര്‍ മണ്ഡലത്തിന്റെ കാര്യമെടുക്കുക. പയ്യന്നൂര്‍ മണ്ഡലത്തില്‍ വോട്ടുള്ള 127 പേര്‍ക്ക് ഇരിക്കൂറിലും വോട്ടുണ്ട്. രണ്ടിടത്തും തിരിച്ചറിയല്‍ കാര്‍ഡുകളുമുണ്ട്.
പയ്യന്നൂരിലെ മാത്രമല്ല, കല്ല്യാശ്ശേരി മണ്ഡലത്തില്‍ വോട്ടുള്ള 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്.
ഇരിക്കൂര്‍ മണ്ഡലത്തിലെ ആകെ അന്യമണ്ഡല വ്യാജവോട്ടര്‍മാരുടെ എണ്ണം ഇങ്ങനെയാണ്. പയ്യന്നൂര്‍-127, കല്യാശ്ശേരി-91, തളിപ്പറമ്പ്-242, അഴിക്കോട് -47, കണ്ണൂര്‍ -30. ആകെ ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടര്‍മാര്‍ -537.

അഴീക്കോട് മണ്ഡലം : .പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ വോട്ടുള്ളവര്‍ക്ക് ഇവിടെയും വോട്ടുണ്ട്. അതിന്റെ വിവരം ഇങ്ങനെ: പയ്യന്നൂര്‍ -44, കല്യാശ്ശേരി -124, തളിപ്പറമ്പ് -204, ഇരിക്കൂര്‍ -57, കണ്ണൂര്‍ -282. ആകെ- 711.

ചേര്‍ത്തല മണ്ഡലത്തില്‍ പൂഞ്ഞാര്‍, അരൂര്‍, അമ്പലപ്പുഴ എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്കും ഇരട്ടവോട്ടുണ്ട്. പൂഞ്ഞാര്‍ -104, അരൂര്‍- 729, അമ്പലപ്പുഴ- 372. ആകെ -1205.
കുണ്ടറ മണ്ഡലത്തില്‍ പുനലൂര്‍, ചടയമംഗലം, കൊല്ലം എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്ക് ഇരട്ടവോട്ടുണ്ട്. : പുനലൂര്‍ – 89, ചടയമംഗലം 80, കൊല്ലം 218. ആകെ – 387. ഇതേപോലെ 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടര്‍മാര്‍ വ്യാപിച്ചു കിടക്കുന്നു.ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താത്ത ആയിരക്കണക്കിന് ഇത്തരം വോട്ടുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

തിരഞ്ഞെടുപ്പു പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്ന വ്യാജ വോട്ടുകളെക്കുറിച്ച് ഇടതുമുന്നണിക്ക് പരാതിയില്ല. ഞാന്‍ ആദ്യം ഉദാഹരണമായി ചൂണ്ടിക്കാണിച്ച ഉദുമയിലെ 5 വോട്ടുള്ള കുമാരി കോണ്‍ഗ്രസ് അനുഭാവിയായതിനാല്‍ അത് പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. എന്നാല്‍ കുമാരിക്ക് ഒരു വോട്ടേ ഉള്ളു.കുമാരിയുടെ കയ്യില്‍ ഒരു തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റു നാലു കാര്‍ഡുകളും അവരറിയാതെ മറ്റു ചിലരാണ് എടുത്തത്. ഭരണകക്ഷി യൂണിയനില്‍പ്പെട്ട ഉദ്യോഗസ്ഥരറിയാതെ ഇത് ചെയ്യാനാവില്ല.

സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും വിധി നിര്‍ണയിക്കാവുന്ന അത്ര എണ്ണം വ്യാജവോട്ടുകളാണ് ഞങ്ങള്‍ കണ്ടെത്തിയത്. മുന്‍ കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് ഈ കള്ളവോട്ടുകള്‍ക്കു പിന്നില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Fake Voters New Allegation

We use cookies to give you the best possible experience. Learn more