| Wednesday, 17th March 2021, 12:27 pm

140 മണ്ഡലങ്ങളിലും കള്ളവോട്ടര്‍മാര്‍, കഴക്കൂട്ടത്ത് മാത്രം 4506 കള്ളവോട്ട്; കണക്ക് പുറത്തുവിട്ട് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനുള്ള വ്യാപകശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 140 മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജവോട്ടര്‍മാരെ ചേര്‍ത്തിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

‘കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പില്‍ 3525 എന്നിങ്ങനെയാണ് വ്യാജവോട്ടര്‍മാരുടെ എണ്ണം’, ചെന്നിത്തല പറഞ്ഞു.

ഉദുമ മണ്ഡലത്തില്‍ 164ാം നമ്പര്‍ ബൂത്തില്‍ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടര്‍മാരുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനതലത്തില്‍ കള്ളവോട്ട് സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേര്‍ത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

‘ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍. അട്ടിമറിക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും സംശയിക്കുന്നു. ഒരേ ആളിന്റെ പേരില്‍ നാലും അഞ്ചും വോട്ട് ചേര്‍ത്തത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്’, അദ്ദേഹം പറഞ്ഞു.

ഈ വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ടുകള്‍ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ഡിജിറ്റല്‍ സംവിധാനത്തില്‍ ഇത് വളരെ വേഗം കണ്ടെത്താനാവും- ചെന്നിത്തല പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala Fake Voters Kerala Election 2021

We use cookies to give you the best possible experience. Learn more