തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരവോട്ട് പട്ടികയില്‍ ഇരട്ടസഹോദരങ്ങളും. ഒറ്റപ്പാലത്തെ 135-ാം ബൂത്തിലെ ഇരട്ടകളായ അരുണും വരുണുമാണ് പട്ടികയിലുള്ളത്.
ചെന്നിത്തലയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അരുണ്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് 4.30 ലക്ഷം പേരുള്‍പ്പെടുന്ന ഇരട്ട വോട്ടര്‍മാരുടെ പട്ടിക ചെന്നിത്തല പുറത്ത് വിട്ടത്. 38,000 ഇരട്ട വോട്ടര്‍മാര്‍ മാത്രമാണുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് ചെന്നിത്തല പട്ടിക പുറത്ത് വിട്ടത്.
അതേസമയം ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് ചെന്നിത്തല ഉയര്‍ത്തിയ ആരോപണത്തില്‍ ഡാറ്റാ പ്രശ്‌നം ഉയര്‍ത്തി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി രംഗത്തെത്തി. സംഭവം ഗൗരവമുള്ള നിയമപ്രശ്‌നമാണെന്ന് ബേബി പറഞ്ഞു.
ഇരട്ടവോട്ട് പ്രസിദ്ധീകരിച്ചത് രാജ്യത്തിന് പുറത്തുള്ള സെര്‍വറിലാണെന്നും ബേബി പറഞ്ഞു. വോട്ടര്‍മാരുടെ വിവരങ്ങള്‍ ചെന്നിത്തല ചോര്‍ത്തിയെന്നും ബേബി പറഞ്ഞു.
വ്യക്തികളുടെ അനുമതിയില്ലാതെയാണ് വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയത്. ഇത്തരത്തില്‍ ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്‌നമുണ്ടെന്നും എം.എ. ബേബി ചൂണ്ടിക്കാട്ടി.
നേരത്തെ ഇരട്ടവോട്ടുകള്‍ ചൂണ്ടിക്കാട്ടി ചെന്നിത്തല പുറത്തുവിട്ട ഓപറേഷന്‍ ട്വിന്‍സ് (operation twins.com) എന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിട്ടുള്ളത് വിദേശരാജ്യമായ സിംഗപ്പൂരിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ ജതിന്‍ ദാസ് എന്നയാള്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇത്രയും ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചതും, ഇമേജ് അനലൈസിങ് / കമ്പറിങ് ആപ്പ്‌ലിക്കേഷന്റെ സെര്‍വറുകളിലേക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് പ്രോസസ്സ് ചെയ്തതും പുറത്തേക്ക് കൊടുത്തതും ശരിയാണോയെന്നും ജതിന്‍ ദാസ് ചോദിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക