| Wednesday, 1st September 2021, 2:21 pm

പുതിയ ഗ്രൂപ്പ് ഉണ്ടാകുമോയെന്ന ചോദ്യത്തിന് നോക്കാമെന്ന് മറുപടി; ഇരട്ടനീതി ജനം വിലയിരുത്തുമെന്നും ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പറയേണ്ട കാര്യങ്ങള്‍ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടിയില്‍ ഇരട്ടനീതിയുണ്ടോയെന്നും ഉണ്ണിത്താനെതിരെ നടപടിയെടുക്കാത്തതും ജനം വിലയിരുത്തട്ടെയെന്നും ചെന്നിത്തല പറഞ്ഞു. പുതിയ ഗ്രൂപ്പ് ഉണ്ടാകുമോയെന്ന ചോദ്യത്തിന് നോക്കാം എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചതോടെ ‘ വരട്ടെ, നമുക്കു നോക്കാം’ എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കോണ്‍ഗ്രസിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം സംഘടനാ തെരഞ്ഞെടുപ്പാണെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ കേരളത്തിനു മാത്രമായി തെരഞ്ഞെടുപ്പു നടന്നിട്ടുണ്ട്. അഖിലേന്ത്യാ ഷെഡ്യൂളിന്റെ ഭാഗമായും തെരഞ്ഞെടുപ്പാവണം. ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ പ്രതികരിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തത് ജനം വിലയിരുത്തട്ടെയെന്ന് ചെന്നിത്തല പറഞ്ഞു.

ഡി.സി.സി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി വിശദമായ ചര്‍ച്ചകള്‍ സംസ്ഥാന തലത്തില്‍ നടക്കേണ്ടതായിരുന്നു എന്നായിരുന്നു രമേശ് ചെന്നിത്തല നേരത്തെ പ്രതികരിച്ചത്. അങ്ങനെ നടന്നിരുന്നെങ്കില്‍ ഹൈക്കമാന്റിന്റെ ഇടപെടല്‍ കുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടു എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പട്ടിക തയ്യാറാക്കുമ്പോള്‍ സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തിയില്ലെന്ന രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ ചാണ്ടിയുടെയും വിമര്‍ശനത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു.

ചര്‍ച്ചകള്‍ നടന്നില്ലെന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നാണ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇരുവരോടും സംസാരിച്ചിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.

അതേസമയം ഡി.സി.സി പട്ടികയില്‍ ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഏറെ നാളത്തെ പ്രതിസന്ധികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും വിരാമമിട്ട് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ പട്ടിക ശനിയാഴ്ചയാണ് പുറത്തിറങ്ങിയത്. പട്ടികയ്ക്കെതിരെ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി വിമര്‍ശനമുന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഇരു നേതാക്കളും പുനസംഘടനയുമായി ബന്ധപ്പെട്ട തങ്ങളുടെ അതൃപ്തി അറിയിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Ramesh Chennithala does not respond to DCC presidential selection controversy

We use cookies to give you the best possible experience. Learn more