തിരുവനന്തപുരം: ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷയിളവു നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ലെന്ന് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ചു വന്ന വാര്‍ത്ത അടിസ്ഥാന രഹിതാമാണെന്നും അദ്ദേഹം പറഞ്ഞു. ലിസ്റ്റ് യു.ഡി.എഫ് സര്‍ക്കാരിന്റെ മുന്നില്‍ വന്നിരുന്നില്ലെന്നും ചെന്നിത്തല.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് മുന്‍ സര്‍ക്കാര്‍ കാലത്തും ശിക്ഷായിളവിനായി ശുപാര്‍ശ നടന്നിരുന്നതായ് രേഖകള്‍ പുറത്തുവരികയായിരുന്നു. ടി.പി കേസ് പ്രതികള്‍ക്ക് പുറമേ ചന്ദ്ര ബോസ് വധക്കേസ് പ്രതി നിസാമിനും വിവാദ സ്വാമി സന്തോഷ് മാധവനെയും ശിക്ഷയിളവിനായി യു.ഡി.എഫ് ഭരണകാലത്തും പരിഗണിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്.
പിണറായി സര്‍ക്കാര്‍ ടി.പി വധക്കേസ് പ്രതികള്‍ക്കായി ഭരണ സ്വാധീനം ഉപയോഗിക്കുന്നതായി പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും പ്രതികള്‍ക്കായി ജയിലധികൃതര്‍ ശുപാര്‍ശ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
2016 ഫെബ്രുവരി 8ലെ ഉത്തരവ് പ്രകാരമായിരുന്നു ജയില്‍ അധികൃതര്‍ ശിക്ഷയിളവ് നല്‍കേണ്ട പ്രതികളുടെ പട്ടിക തയ്യാറാക്കുന്നത്. നിര്‍ദേശത്തെ തുടര്‍ന്ന് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജയിലുകളില്‍ നിന്ന് ഇളവ് നല്‍കേണ്ട തടവുകാരുടെ പട്ടിക ഫെബ്രുവരി 17ഓടെ തന്നെ തയ്യാറാക്കി കൈമാറുകയും ചെയ്തിരുന്നു.
അന്നു സമര്‍പ്പിച്ച പട്ടികയില്‍ ടി.പി വധക്കേസിലെ 11 പ്രതികള്‍ക്ക് പുറമേ വിവാദ സ്വാമി സന്തോഷ് മാധവന്‍, കണിച്ചുകുളങ്ങര കേസിലെ വിനീഷ്, ചന്ദ്ര ബോസ് വധക്കേസ് പ്രതി നിഷാം എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണ്.
ഇന്ന് ജയിലധികൃതര്‍ ശിക്ഷയിളവിനായ് നല്‍കിയ പട്ടികയില്‍ ടി.പി വധക്കേസ് പ്രതികളും ഉള്‍പ്പെട്ടതറിഞ്ഞ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി. തന്റെ ഭരണ കാലത്തും പരിഗണിച്ചിരുന്ന പ്രതികളുടെ കാര്യത്തിലാണ് ഇന്ന് ചെന്നിത്തല വിമര്‍ശനങ്ങള്‍ നടത്തിയത്.