കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയായ പീതാംബരന്റെ കുടുംബത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ പ്രസ്താവനയ്ക്കു പിന്നാലെ കുടുംബത്തിന് നേരെ സി.പി.ഐ.എം ആക്രമണം ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്.
പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്നയാളാണ് പീതാംബരനെന്നുമാണ് മഞ്ജു പറഞ്ഞത്.
നേരത്തെ ഉണ്ടായ അക്രമങ്ങളില്‍ പങ്കാളിയായതും പാര്‍ട്ടിക്കുവേണ്ടിയായിരുന്നെന്നാണ് മഞ്ജു പറഞ്ഞിരുന്നു.
പാര്‍ട്ടിക്കായി നിന്നിട്ട് ഇപ്പോള്‍ പുറത്താക്കിയെന്ന് മകള്‍ ദേവികയും കുറ്റപ്പെടുത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലാണ് പീതാംബരനെതിരെ പാര്‍ട്ടി നടപടിയെടുത്തതെന്നും ദേവിക പറഞ്ഞിരുന്നു.
പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റേയും വാദങ്ങള്‍ പൊളിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയംഗമാണ് പീതാംബരന്‍. പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പീതാംബരന്‍ അറസ്റ്റിലായതിനു പിന്നാലെ സി.പി.ഐ.എം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പാര്‍ട്ടിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.