| Friday, 5th April 2019, 11:27 pm

യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ പുല്ല് പോലെ തള്ളിക്കളയും: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെതിരെ യോഗി ആദിത്യനാഥ് നടത്തിയത് നികൃഷ്ടമായ പ്രസ്താവനയാണെന്നും വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ പുല്ല് പോലെ തള്ളിക്കളയുമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മതവും സമുദായവും ഉപയോഗിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലേറിയ ആദിത്യനാഥിനെപ്പോലുള്ളവര്‍ക്ക് സമുദായ സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ അക്ഷീണം പ്രയത്നിക്കുന്ന ലീഗിനെ പോലൊരു രാഷ്ട്രീയ പ്രസ്ഥാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ബി.ജെ.പിയുടെ മുഖ്യമന്ത്രിക്ക് ജനാധിപത്യം, മതേതരത്വം തുടങ്ങിയ പദങ്ങള്‍ പോലും ചതുര്‍ത്ഥിയാണ്.

ഇന്ത്യയിലെ മുസ്ലീങ്ങളടക്കമുള്ള ന്യുനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രോശമാണ് ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ വാക്കുകളില്‍ തെളിഞ്ഞ് കണ്ടത്. ഇദ്ദേഹത്തെപ്പോലൊരാള്‍ മുഖ്യമന്ത്രി പോലുള്ള ഭരണഘടനപരമായ പദവിയിലിരിക്കുന്നത് തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന് നാണക്കേടാണെന്നും ചെന്നിത്തല പറഞ്ഞു.

ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍, ഇന്ത്യ മുഴുവന്‍ വര്‍ഗീയ കലാപങ്ങള്‍ നടമാടിയപ്പോള്‍ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് നല്‍കിയ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്ന് യോഗി ആദിത്യ നാഥിനറിയില്ല.

അന്യമത വിദ്വേഷം സ്വന്തം വിശ്വാസത്തിന് കടക വിരുദ്ധമാണെന്ന് വിശ്വസിക്കുകയും മതേതര പക്ഷത്ത് എന്നും അടിയുറച്ച് നില്‍ക്കുകയും ചെയ്ത അനേകം നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് ലീഗ്. അത് കൊണ്ട് ലീഗിനെതിരെ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവ പിന്‍വലിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ ബി.ജെപി നേതൃത്വം തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ പ്രസ്താവന

മുസ്ലിം ലീഗിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ഇന്ത്യയിലെ മുസ്ളീം സമൂഹത്തോടും, മറ്റു ന്യുനപക്ഷ പിന്നോക്ക വിഭാഗങ്ങളോടുമുള്ള വെല്ലുവിളിയാണ്. വര്‍ഗീയ വികാരം ആളിക്കത്തിച്ച് കൊണ്ട് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന സംഘപരിവാറിന്റെ സ്ഥിരം തന്ത്രമാണ് യോഗി ആദിത്യ നാഥ് പയറ്റുന്നത്. ഉത്തരേന്ത്യയില്‍ ആര്‍ എസ് എസും ബി ജെ പിയും ഉയര്‍ത്തിവിടുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ പുല്ല് പോലെ തള്ളിക്കളയും.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗിനെതിരെ നികൃഷ്ടമായ പ്രസ്താവനയാണ് നടത്തിയത്.

മതവും സമുദായവും ഉപയോഗിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലേറിയ ആദിത്യനാഥിനെപ്പോലുള്ളവര്‍ക്ക് സമുദായ സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ അക്ഷീണം പ്രയത്നിക്കുന്ന മുസ്ളീം ലീഗിനെ പോലൊരു രാഷ്ട്രീയ പ്രസ്ഥാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. വിഷം ചീറ്റുന്ന വര്‍ഗീയ പ്രസംഗങ്ങളിലൂടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പരത്തി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന ബി ജെ പിയുടെ മുഖ്യമന്ത്രിക്ക് ജനാധിപത്യം, മതേതരത്വം തുടങ്ങിയ പദങ്ങള്‍ പോലും ചതുര്‍ത്ഥിയാണ്. ഇന്ത്യയിലെ മുസ്ളീങ്ങളടക്കമുള്ള ന്യുനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രോശമാണ് ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ വാക്കുകളില്‍ തെളിഞ്ഞ് കണ്ടത്. ഇദ്ദേഹത്തെപ്പോലൊരാള്‍ മുഖ്യമന്ത്രി പോലുള്ള ഭരണഘടനപരമായ പദവിയിലിരിക്കുന്നത് തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന് നാണക്കേടാണ്.

ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍, ഇന്ത്യ മുഴുവന്‍ വര്‍ഗീയ കലാപങ്ങള്‍ നടമാടിയപ്പോള്‍ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് നല്‍കിയ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പാര്‍ട്ടിയാണ് മുസ്ളീംലീഗെന്ന് യോഗി ആദിത്യ നാഥിനറിയില്ല. അന്യമത വിദ്വേഷം സ്വന്തം വിശ്വാസത്തിന് കടക വിരുദ്ധമാണെന്ന് വിശ്വസിക്കുകയും മതേതര പക്ഷത്ത് എന്നും അടിയുറച്ച് നില്‍ക്കുകയും ചെയ്ത അനേകം നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് മുസ്ളീം ലീഗ്. അത് കൊണ്ട് മുസ്ളീം ലീഗിനെതിരെ യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവ പിന്‍വലിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ ബി ജെ പി നേതൃത്വം തയ്യാറാകണം.

We use cookies to give you the best possible experience. Learn more