ആലപ്പുഴ: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവും ഹരിപ്പാട് എം.എല്‍.എയുമായ രമേശ് ചെന്നിത്തല. ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തിന്റെ നാനാത്വത്തിനും ഫെഡറലിസത്തിനും ഈ ശുപാര്‍ശ എതിരാണെന്നും ചെന്നിത്തല പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
‘മോദി കാബിനറ്റ് പാസാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശുപാര്‍ശ ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തിന്റെ നാനാത്വത്തിനും ഭരണഘടനാപരമായി ഫെഡറലിസത്തിനും എതിരാണ്. കേന്ദ്ര തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും വ്യത്യസ്തമായ തലങ്ങളിലാണ് നടക്കേണ്ടത്,’എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം.
കേന്ദ്രത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങളല്ല സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ അഭിമുഖീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദേശീയ വിഷയങ്ങള്‍ കിട്ടുന്നതുപോലെ പ്രാദേശികമായ വിഷയങ്ങള്‍ക്കും പ്രാധാന്യം ലഭിക്കണമെങ്കില്‍ രണ്ടു തെരഞ്ഞെടുപ്പുകളും വെവ്വേറെ തന്നെ നടത്തണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് അനാവശ്യമായ നേട്ടങ്ങളുണ്ടാക്കാനുള്ള ഗൂഢപദ്ധതി മാത്രമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു. ഇതു നടപ്പാക്കുകയെന്നാല്‍ ജനാധിപത്യവിരുദ്ധമായി നിരവധി സംസ്ഥാന നിയമസഭകള്‍ പിരിച്ചു വിടുകയെന്നതാണ് അര്‍ത്ഥമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം അനുവദിക്കാനാകില്ലെന്നും ഇവ രാജ്യത്തെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢപദ്ധതിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
മുന്‍കാലങ്ങളിലും ജനശ്രദ്ധ തിരിച്ചുവിടുന്നതിനായി നിരവധി പരിപാടികള്‍ ബി.ജെ.പി നടത്തിയിട്ടുണ്ട്. ഈ നിയമം നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ഒറ്റയ്ക്കു ഭരിക്കാന്‍ പോലും ആള്‍ബലമില്ലാത്ത ബി.ജെ.പി കാബിനറ്റ് ഇതുപോലെ നാടകങ്ങള്‍ കാണിക്കുന്നത് ഭരണപരാജയത്തില്‍ നിന്ന് ജനശ്രദ്ധ മാറ്റാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി മുന്നോട്ടുവെച്ച റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രായോഗികമല്ലാത്ത നീക്കമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള മന്ത്രിസഭ നടത്തിയിരിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരണം.
Content Highlight: Ramesh Chennithala criticizes ‘one country one election’