| Tuesday, 12th January 2021, 12:44 pm

ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ? കമലിന്റെ കത്ത് ഉയര്‍ത്തിപിടിച്ച് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ഇടുതുപക്ഷ പ്രവര്‍ത്തകരെ അനധികൃതമായി നിയമിക്കാന്‍ കൂട്ടു നില്‍ക്കുകയാണ് എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി എഴുതിയ കത്ത് ഉയര്‍ത്തിപിടിച്ചാണ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഇടതുപക്ഷ അനുഭാവമുള്ളവരെ മാത്രം നിയമിക്കാന്‍ ചലച്ചിത്ര അക്കാദമി എന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ എന്നും അദ്ദേഹം ചോദിച്ചു.

”പ്രശസ്ത ചലച്ചിത്ര സംവിധായകനായ കമല്‍ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി എഴുതിയ ഒരു കത്ത് ഞാന്‍ നിയമസഭയ്ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

ആ കത്തില്‍ പറയുന്നത് ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നി സാംസ്‌കാരിക രംഗത്ത് നിലകൊള്ളുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമാണ് എന്നാണ്.

ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ.ഒരു പ്രശസ്തനായ സംവിധായകനാണ് നിയമത്തെയും ചട്ടത്തെയും കാറ്റില്‍പറത്തികൊണ്ട് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുന്നത്,” ചെന്നിത്തല പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

‘കേരളത്തിലെ ജനങ്ങളുടെ ഓര്‍മ്മശക്തിയെ പരീക്ഷിക്കരുത്. അഴിമതിയുടെ കൂത്തരങ്ങായിരുന്നില്ലേ ഇവിടം. എത്ര അഴിമതിയായിരുന്നു. അതിന്റെ ഒരു ഭാഗമാണ് നേരത്തെ ഞാന്‍ പറഞ്ഞത്. എന്തെല്ലാമാണ് ജനങ്ങള്‍ ധരിച്ചിരുന്നത്. സര്‍ ഇത് നാടിനൊരു ശാപമായി എന്ന് കണക്കാക്കിയിരുന്നതായിരുന്നില്ലെ ജനങ്ങള്‍. ആ കാലം മറന്നുപോകുകയാണോ’, പിണറായി ചോദിച്ചു.

ഉളുപ്പ് എന്നൊന്നില്ലാത്തത് കൊണ്ടാണ് ഇപ്പോഴും ചിരിക്കാന്‍ പറ്റുന്നതെന്നും നമ്മുടെ നാട്ടിലെ ജനങ്ങളുടെ കൈ കൊണ്ട് കരണത്ത് അടികൊണ്ടവരാണ് ഇവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.
എം.എല്‍.എമാര്‍ക്കെതിരെ കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala criticizes Director Kamal

We use cookies to give you the best possible experience. Learn more