| Friday, 2nd April 2021, 8:39 pm

കേരള ചരിത്രത്തിലെ പൂര്‍ണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരള ചരിത്രത്തിലെ പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റ്‌കൊലകള്‍, അലന്‍-താഹ കേസ്, ശബരിമല വിഷയം തുടങ്ങി വിവിധ വിഷയങ്ങളില്‍ പൊലീസ് സ്വീകരിച്ച നടപടികളെ വിമര്‍ശിച്ചു കൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

പിണറായി മുഖ്യമന്ത്രിയായിരുന്ന അഞ്ചു വര്‍ഷക്കാലത്ത് പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു. ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മാവോയിസ്റ്റുകളായ എട്ടു പേരെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്നും അലന്‍ ഷുഹൈബ്. താഹ ഫസല്‍ എന്നീ ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി ജയിലലടച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

കോടതി വിധിയുടെ മറവില്‍ പുണ്യഭൂമിയായ ശബരിമലയില്‍ പൊലീസ് നടത്തിയത് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നടപടികളാണ്. വാളയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കേസ് അട്ടിമറിച്ചത് പൊലീസിന്റെ നേതൃത്വത്തിലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസ് തലപ്പത്ത് വന്‍ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വകുപ്പ് ഭരണം പൂര്‍ണ്ണമായി പരാജയപ്പെട്ടെങ്കിലും പി.ആര്‍. ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ വ്യാജ പ്രതിഛായ ഊതിപ്പെരുപ്പിക്കുകയാണ്. ഇതിനുള്ള മറുപടി ജനം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരള ചരിത്രത്തിലെ പൂര്‍ണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ സര്‍ക്കാരാണ് പിണറായിയുടേത്. ഭരണരംഗത്ത് പിണറായി സമ്പൂര്‍ണ പരാജയമായപ്പോള്‍ അദ്ദേഹം നേരിട്ട് ഭരിച്ച പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു.

മാവോയിസ്റ്റുകളായ എട്ടുപേരെയാണ് വ്യാജ ഏറ്റുമുട്ടലുകളിലൂടെ പിണറായിയുടെ പൊലീസ് വെടിവച്ചു കൊന്നത്. രോഗികളും വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ള മാവോയിസ്റ്റുകളെപ്പോലും വെറുതെ വിട്ടില്ല. നിഷ്‌കരുണമുള്ള കൊലപാതകങ്ങളാണിവയെന്ന് സി.പി.ഐ പോലും വിമര്‍ശിച്ചു. കേന്ദ്ര ഫണ്ട് തട്ടാനുള്ള കൊലപാതകങ്ങളാണ് ഇതെന്നും സി.പി.ഐ പറഞ്ഞു. ഈ മാവോയിസ്റ്റുകളെ കൊല്ലാതെ ജീവനോടെ പിടികൂടാമായിരുന്നില്ലേ?

കേന്ദ്രത്തിലെ നരേന്ദ്രമോദിയുടെ ശൈലിയില്‍ കൗമാരപ്രായക്കാരായ അലന്‍, താഹ എന്നിവരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതാണ് പിണറായി വിജയന്റെ മറ്റൊരു വീഴ്ച. സ്‌കൂള്‍ കുട്ടികളായിരുന്നപ്പോള്‍ തന്നെ അവര്‍ മാവോയിസ്റ്റുകളായിരുന്നെന്നാണ് പിണറായിയുടെ പൊലീസ് കണ്ടെത്തിയത്. വന്ദ്യവയോധികനായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ നരേന്ദ്രമോദി ജയിലിലടച്ചപ്പോള്‍ ഒരു കുറ്റവും ചെയ്യാത്ത രണ്ടു കൗമാരക്കാരെ പിണറായി സര്‍ക്കാരും ജയിലിലടച്ചു.

കോടതി വിധിയുടെ മറവില്‍ പുണ്യഭൂമിയായ ശബരിമലയില്‍ പൊലീസ് നടത്തിയത് വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന നടപടികളാണ്. ആചാരലംഘനത്തിനായി ഒരു വനിതാ ആക്ടിവിസ്റ്റിന് അകമ്പടി സേവിച്ചത് പൊലീസ് ഐ.ജിയാണ്. സന്നിധാനത്ത് 144 പ്രഖ്യാപിച്ച് ഭക്തജനങ്ങളെ കണ്ണീരിലാഴ്ത്തി. പൊലീസിലെ രാഷ്ട്രീയ അനുകൂലികളെ ഉപയോഗിച്ച് യുവതികളായ രണ്ട് ആക്ടിവിസ്റ്റുകളെ ഗൂഢമാര്‍ഗ്ഗത്തിലൂടെ സന്നിധാനത്ത് എത്തിച്ചു. തന്ത്രിയും മറ്റും ഉപയോഗിക്കുന്ന സ്റ്റാഫ് ഗേറ്റു വഴിയാണ് ഇവരെ സന്നിധാനത്ത് കയറ്റിയത്.

പിണറായി വിജയന്‍ പൊലീസ് വകുപ്പ് ഭരിച്ചപ്പോള്‍ നിസ്സഹായരായ അനവധി മനുഷ്യരാണ് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്? വരാപ്പുഴയിലെ ശ്രീജിത്ത്, ഇടുക്കിയിലെ രാജ്കുമാര്‍, തുടങ്ങി മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍പോലും കസ്റ്റഡിമരണമുണ്ടായി. ഇതിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആദ്യം നടപടിയെടുക്കുകയും ജനരോഷം തണുത്തെന്ന് കണ്ടപ്പോള്‍ പ്രമോട്ട് ചെയ്യുകയുമാണ് പിണറായി വിജയന്‍ ചെയ്യുന്നത്.

വാളയാറില്‍ ബാലികമാരെ പീഡിപ്പിച്ചു കൊന്ന കേസ് അട്ടിമറിച്ചത് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു.ആ പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തില്ല. അവര്‍ക്കും കിട്ടി പ്രമോഷന്‍.

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ എവിടെ വച്ചും കേസെടുക്കാന്‍ കഴിയുന്ന തരത്തില്‍ പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ശ്രമിച്ചതും പിണറായി സര്‍ക്കാരാണ്. പ്രതിപക്ഷവും, പൊതുസമൂഹവും എതിര്‍ത്തിട്ടും കരിനിയമത്തിന്റെ നിര്‍മ്മാണവുമായി പിണറായി മുന്നോട്ടു പോയി. ദേശീയതലത്തില്‍ തിരിച്ചടി ഉണ്ടാകുന്നു എന്ന് കണ്ടപ്പോഴാണ് അതില്‍നിന്ന് പിന്തിരിഞ്ഞത്.
മകന്റെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തിയ പാമ്പാടി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രാണോയിയുടെ അമ്മ മഹിജയെ പൊലീസ് നടുറോഡില്‍ വലിച്ചിഴച്ചു. രാഷ്ട്രീയ കൊലപാതകക്കേസുകള്‍ അട്ടിമറിക്കാന്‍ പൊലീസിനെ ഉപകരണമാക്കി. പെരിയ ഇരട്ടക്കൊലപാതകം അട്ടിമറിച്ചതിനെ കോടതി തന്നെ രൂക്ഷമായി വിമര്‍ശിച്ചു.

പൊലീസിന്റെ തലപ്പത്ത് വന്‍ അഴിമതിയാണ് നടമാടിയത്. അവ ഓരോന്നായി സി.എ.ജി അക്കമിട്ട് നിരത്തി. പൊലീസ് തലപ്പത്ത് നടത്തിയ 151 കോടി രൂപയുടെ പര്‍ച്ചേസില്‍ അടിമുടി അഴിമതിയായിരുന്നു. ഇതു സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചിട്ടും അഴിമതിക്കാര്‍ക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

നിരവധി കേസുകള്‍ ആവിയായിപ്പോയി. ട്രഷറി തട്ടിപ്പ് കേസ്, വെള്ളപ്പൊക്ക ദുരിതാശ്വാസ തട്ടിപ്പ്, സോളാര്‍ നായികയുടെ നിയമനത്തട്ടിപ്പ് തുടങ്ങിയവ ഉദാഹരണം. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളുടെ പി.എസ്.സി. പരീക്ഷാ തട്ടിപ്പിലും കൃത്യ സമയത്ത് കുറ്റപത്രം നല്‍കാതെ പ്രതികളെ സഹായിക്കുന്ന നിലപാട് പൊലീസ് സ്വീകരിച്ചു.

ആഭ്യന്തര വകുപ്പ് ഭരണം പൂര്‍ണ്ണമായി പരാജയപ്പെട്ടെങ്കിലും പി.ആര്‍. ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ വ്യാജ പ്രതിഛായ ഊതിപ്പെരുപ്പിക്കുകയാണ്. ഇതിനുള്ള മറുപടി ജനം നല്‍കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ramesh Chennithala criticizes against CM Pinarayi Vijayan

We use cookies to give you the best possible experience. Learn more